കൊച്ചി: മോളിവുഡിന്റെ താരസംഘടനയെ എഎംഎംഎ എന്ന് വിളിക്കുന്നതിന് എതിരെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ‘അമ്മ’ എന്ന പേര് നൽകിയത് അന്തരിച്ച നടൻ മുരളിയാണ്. തങ്ങൾക്ക് ഇത് അമ്മയാണെന്ന് നടൻ പറഞ്ഞു. സംഘടനയുടെ കുടുംബ സംഗമം വേദിയിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് നമ്മൾ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത്.. അതവരുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
സംഘടനയിൽ നിന്ന് രാജിവച്ച് പുറത്തുപോയ ഭാരവാഹികൾ തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത സംഘം വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കാണുന്നുള്ളൂ. ആ സംഘം തിരികെയെത്തി സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണമെന്നും ഇത് അപേക്ഷയല്ല ആജ്ഞയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
94 മുതലുള്ള പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നാട്ടാൻ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതിൽ പലർക്കും, എന്നു പറയുമ്പോൾ താനും തന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂവെന്നും മാറി വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മ ആയാണ് തുടർന്നിങ്ങോട്ട് വന്നിട്ടുള്ളത്. 94 മുതലുള്ള പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നാട്ടാൻ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post