ഈ കഴിഞ്ഞ വർഷം ഡിസംബർ 18 ന് പുലർച്ചെ കാസർകോട് പടന്നക്കാട്ടെ വാടക ക്വാട്ടേഴ്‌സിൽ നിന്ന് ഒരു ബംഗാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തേപ്പ് പണിയ്ക്ക് പോയി ജീവിച്ചിരുന്ന ഈ പാവത്തിനെ എന്തിന് അറസ്റ്റ് ചെയ്ത് പോയി എന്നായി എല്ലാവരുടെയും സംശയം. എന്നാൽ സംഭവത്തിൽ പോലീസ് വ്യക്തത വരുത്തിയതോടെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ മൂക്കത്ത് വിരൽവച്ചുപോയി.
തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷാബ് ഷെയ്ക്ക് എന്ന 32 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസം പോലീസ് യുഎപിഎ ചുമത്തിയ കൊടും ക്രിമിനലാണ് ഇയാൾ. അസം പോലീസിന്റെ പ്രത്യേകദൗത്യസംഘം കേരളപോലീസിന്റെ സഹായം തേടിയപ്പോഴാണ് പടന്നക്കാട്ടെ ഭീകരന് പിടിവീഴുന്നത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകനായിരുന്നു മുഹമ്മദ് ഷാബ് ഷെയ്ക്ക്. ഇയാൾ അൽ ഖ്വയ്ദയുടെ സ്ലീപ്പർസെൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിലെ ധരംപൂർ രാജ്ഷാഹി സിറ്റി സ്വദേശിയായ മുഹമ്മദ് ഷാബ് ഷെയ്ക്ക് പശ്ചിമ ബംഗാളിലെത്തി ഇവിടെനിന്ന് വ്യാജവിലാസത്തിൽ വിവിധ തിരിച്ചറിയിൽ കാർഡുകൾ ഉണ്ടാക്കി. ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് കേരളത്തിൽ കഴിഞ്ഞിരുന്നത്.കഴിഞ്ഞ നാലുവർഷമായി കെട്ടിടനിർമാണ തൊഴിലാളിയായി കാസർകോട്ടെ വിവിധയിടങ്ങളിൽ ജോലിചെയ്തുവരികയായിരുന്നു.
വ്യാജവിലാസത്തിൽ സംഘടിപ്പിച്ച ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐ.ഡി തുടങ്ങിയ തിരിച്ചറിയൽ രേഖകൾ മുഹമ്മദ് ഷാബിന്റെ കൈവശമുണ്ടായിരുന്നു.ക്വാർട്ടേഴ്‌സ് ഉടമ പോലീസിൽ നൽകിയ താമസക്കാരുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഇതും പ്രതിയുടെ ഒളിവുജീവിതത്തിന് സഹായകമായി.
Discussion about this post