എറണാകുളം: ഇതര സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള ചക്കകൾക്ക് വൻ ഡിമാൻഡ്. മൂക്കാത്ത ഇടിയൻ ചക്കൾക്കാണ് തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളത്. ഇതോടെ കോളടിച്ചിരിക്കുകയാണ് കേരളത്തിലെ കർഷകർ.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നിന്നാണ് മൂപ്പാകുന്നതിന് മുൻപ് തന്നെ ചക്കകൾ നാടുകടത്തപ്പെടുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളാണ് ഈ ചക്കകളുടെ സംഭരണ കേന്ദ്രം. ഇവിടെ നിന്ന് കടലുകടന്ന് ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കും കേരളത്തിൽ നിന്നുള്ള ചക്കകൾ എത്താറുണ്ട്.
കേരളത്തിൽ ചക്കയുടെ സീസണിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. ഇതിനിടെ ചക്കയുടെ വിളവ് കുറഞ്ഞതും കച്ചവടക്കാരുടെ വർദ്ധനവും ആണ് ചക്കയുടെ ഡിമാൻഡ് വർദ്ധിക്കാൻ കാരണം ആയത് എന്നാണ് കർഷകർ പറയുന്നത്. ചക്കകൊണ്ടുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും വലിയ ഡിമാൻഡ് ഉണ്ട്. ചക്ക ജാം, ചക്ക മിക്‌സ്ചർ, ജാക്ക് ബാർ, ജാക്ക് ജാഗരി എന്നിവയാണ് ഇത്തരത്തിൽ ഉണ്ടാക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ. ചക്ക വിപണി കർഷകർക്കും വലിയ ലാഭമാണ് ഉണ്ടാക്കി നൽകുന്നത്. 35 മുതൽ 50 രൂപവരെയാണ് ഒരു ഇടിയൻ ചക്കയുടെ വില.
വെറുതെ വലിച്ചെറിയുന്ന ചക്കക്കുരുവിന് പോലും ഇപ്പോൾ വൻ ഡിമാൻഡ് ഉണ്ട്. കിലോയ്ക്ക് 40 മുതൽ 60 വരെയാണ് ചക്കക്കുരുവിന് ലഭിക്കുക.
Discussion about this post