എരിവിനോട് അൽപ്പം ഇഷ്ടക്കൂടുതലുള്ളവരാണ് നമ്മൾ മലയാളികൾ. നോൺവെജ് വിഭവങ്ങളാണെങ്കിൽ പറയുകയേ വേണ്ട.. നല്ല എരിവോടെ തന്നെ വേണം വിളമ്പാൻ. അതുകൊണ്ട് തന്നെ നല്ല പച്ചമുളകും കുരുമുളകും കറികളിലും വിഭവങ്ങളും മുഴച്ചുനിൽക്കും. എരിവിനൊപ്പം ഈ സുന്ദരൻ പച്ചമുളക് ധാരാളം ഗുണങ്ങളും നൽകുന്നുണ്ട്. ഭാരം കുറയ്ക്കുന്നത് മുതൽ ജലദോഷം ശമിപ്പിക്കുന്നത് വരെ പച്ചമുളകിന്റെ ചെറിയ ചെറിയ സഹായങ്ങളാണ്.കലോറി ഒട്ടും അടങ്ങിയിട്ടില്ലാത്ത പച്ചമുളകിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും എല്ലാം മികച്ച ഒരു കലവറയാണ് പച്ചമുളക്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനൊപ്പം ഫിറ്റ്‌നസിനെയും പച്ചമുളക് സഹായിക്കും.
പച്ചമുളകിലുള്ള കാപ്സൈൻ ജലദോഷം, സൈനസ് തുടങ്ങിയ അണുബാധകളെ തടയും. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ പച്ചമുളക് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ ഇവയിലെ സംയുക്തങ്ങൾക്ക് ശേഷിയുണ്ട്. ബീറ്റാ കരോട്ടിൻ അളവ് കൂടുതൽ ആയതിനാൽ ഹൃദയത്തിനും സംരക്ഷണം നൽകും. വൈറ്റമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് തന്നെ ചർമ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാകും. എന്നാൽ ഇത്രയേറെ ഗുണങ്ങളുള്ള പച്ചമുളക് വെറുതെ അരിഞ്ഞിട്ടാൽ പോരാ. ഓരോ വിഭവങ്ങളിലും പ്രത്യേകം രീതിയിൽ വേണം പച്ചമുളക് അരിഞ്ഞുചേർക്കാൻ. ആകൃതിയിൽ മാറ്റം വരുന്നതിനൊപ്പം രുചിയിലും മാറ്റം വരുമത്രേ.
ഫൈൻലി ചോപ്പ്ഡ്
പൊടിപൊടിയായി അരിഞ്ഞെടുത്ത രീതിയാണിത്. വിഭവങ്ങൾ അലങ്കരിക്കാനാണ് ഇങ്ങനെ അരിഞ്ഞെടുക്കുന്നത്.
സ്ലൈസ്ഡ്
കറികളിലും മറ്റും ചേർക്കാനായി പച്ചമുളക് അരിഞ്ഞെടുക്കുന്ന രീതി ഇല്ലെ അതാണ് സ്ലെസ്ഡ്.
3/4 കട്ട്
പച്ചമുളക് നെടുകെ കീറി, രണ്ടു കഷ്ണങ്ങളും പരസ്പരം വിട്ടു പോരാത്ത രീതിയിൽ ഇടാറുണ്ട്. ഇതാണ് 3/4 കട്ട് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ, കറി പാകമായ ശേഷം ഈ പച്ചമുളക് കളയാം. മുളകിൻറെ രുചി പൂർണ്ണമായും കറിക്ക് കിട്ടുകയും ചെയ്യും.
മിൻസ്ഡ്
പച്ചമുളക് എടുത്ത ശേഷം ആദ്യം നെടുകെ കീറുക. ശേഷം രണ്ടു ഭാഗവും കൂടി ചേർത്ത് വച്ച് പൊടിയായി അരിയുക. ഇതാണ് മിൻസ്ഡ് എന്നറിയപ്പെടുന്നത്. സ്റ്റഫ് ചെയ്തുണ്ടാക്കുന്ന വിഭവങ്ങൾക്ക് ഇത് നല്ലതാണ്.
ഡയഗണലി കട്ട്
കാണാനുള്ള ഭംഗിക്ക് വേണ്ടി ചിലപ്പോൾ പച്ചമുളക് ചെറുതായി ചെരിച്ച് അരിയാറുണ്ട്. ഇതാണ് ‘ഡയഗണലി കട്ട്’ എന്നറിയപ്പെടുന്നത്.
Discussion about this post