വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയൻറെയും മകന്റെയും മരണത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ പോലീസ്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും. ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെ എൽ പൗലോസ്, കെ കെ ഗോപിനാഥൻ ഉൾപ്പെടെയുള്ളവർ കേസിലെ പ്രതികളാണ്. ഇവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.
വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഇവർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവരെ പോലീസ് പ്രതിചേർത്തത്. കേസ് മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം വിജയന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി. ഭീമമായ കട ബാദ്ധ്യതയുടെ വിവരങ്ങൾ ഉൾപ്പെടെ ബന്ധുക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.
ഇന്നലെ വിജയൻറെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. കടബാധ്യതയെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. അതേസമയം ഇന്ന് മുതൽ കുടുംബം വായ്പകളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങും. കോൺഗ്രസ് നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഇതിനിടെ ബാങ്ക് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്പലവയൽ സ്വദേശി ഷാജി ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിയമനത്തിനായി 12 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇതിൽ മൂന്ന് ലക്ഷം രൂപ കൈമാറിയെന്നുമാണ് പരാതി.
Discussion about this post