ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:ഖത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
തിരുപ്പതിയിൽ ഉണ്ടായ സംഭവങ്ങൾ വലിയ ദു:ഖമുളവാക്കിയതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സംഭവത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ആന്ധ്രാപ്രദേശ് സർക്കാർ നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പതിയിൽ തിക്കിലും തിരക്കിലുപെട്ട് ഉണ്ടായ അപകടത്തിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വൈകുണ്ഠഏകാദശി ദർശനത്തിനുള്ള പാസുകൾ വിതരണം ചെയ്യുന്ന കൗണ്ടറുകൾ സ്ഥാപിച്ച സ്ഥലത്ത് ആയിരുന്നു അപകടം ഉണ്ടായത്. ഭക്തജനങ്ങൾ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസുകാർക്ക് കഴിഞ്ഞില്ല. ഇതോടെ അപകടം ഉണ്ടാകുകയായിരുന്നു.
Discussion about this post