കോഴിക്കോട്: വടകരയിൽ എലിവിഷം കലർന്ന ബീഫ് കറി കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും വൈക്കിലശ്ശേരി സ്വദേശിയുമായ മഹേഷിനെതിരെ പോലീസ് കേസ് എടുത്തു. നിധീഷിന്റെ പരാതിയിൽ വടകര പോലീസാണ് കേസ് എടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. നിധീഷും മഹേഷും ചേർന്ന് അന്നേ ദിവസം രാത്രി മദ്യപിച്ചിരുന്നു. ബീഫ് കറിയാണ് മദ്യത്തിനൊപ്പം കഴിക്കാനായി മഹേഷ് കൊണ്ടുവന്നത്. ഇതിൽ എലിവിഷം ചേർത്തിട്ടുള്ളതായി മഹേഷ് പറഞ്ഞിരുന്നു. എന്നാൽ ഇത് തമാശയാണെന്ന് കരുതിയ നിധീഷ് കറിയെടുത്ത് കഴിക്കുകയായിരുന്നു. അൽപ്പ നേരം കഴിഞ്ഞതോടെ നിധീഷിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഹേഷ് വിഷം നൽകിയതായി നിധീഷ് ആശുപത്രി അധികൃതരെ അറിയിച്ചു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തുകയായിരുന്നു.
നിധീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് നിധീഷ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post