നമ്മുടെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്നെങ്കിലും ഒരു ചിക്കൻ വിഭവമാകാതെ തരമില്ല. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ചിക്കൻവിഭവങ്ങളോട് പ്രത്യേക ഇഷ്ടമാണ്. മന്തിയായും അൽഫാം ആയും 65 ആയുമെല്ലാം ചിക്കൻ പല പല രൂപങ്ങളിൽ നമ്മുടെ ഒക്കെ മുൻപിലെത്തുന്നു. എന്നാൽ ഈ വിഭവങ്ങളൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചിക്കോഴികൾ അപകടകാരികളാണെന്ന പ്രചരണവും കാലങ്ങളായിട്ടുണ്ട്.
ഇറച്ചിക്കോഴികളുടെ വളർച്ചയ്ക്കായി ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചരണം നാട്ടിൽ ഏറെ കാലമായിട്ടുണ്ട്. ആറാഴ്ച കൊണ്ട് ഇവയ്ക്ക് തൂക്കം വയ്ക്കുന്നതാണ് പ്രചരണങ്ങളുടെ അടിസ്ഥാനം. മികച്ച തീറ്റപരിവർത്തനശേഷിയുള്ള ഇനങ്ങളെ ഉരുത്തിരിച്ചെടുത്ത് അവയ്ക്ക് മികച്ച തീറ്റ നൽകി വളർത്തുന്നതാണ് ചുരുങ്ങിയ നാളുകൾക്കൊണ്ട് വളർച്ച കൈവരിക്കുന്നതിനു കാരണം. വളർച്ചയുടെ ആദ്യ നാളുകളിൽ അതായത് അഞ്ച് ആഴ്ച വരെ ഇറിച്ചിക്കോഴികൾക്ക് പ്രോട്ടീൻ കൂടുതലും ഊർജം കുറവുമുള്ള സ്റ്റാർട്ടർ ഫീഡ് ആണ് നൽകുക. അതിനുശേഷം കശാപ്പുവരെ പ്രോട്ടീൻ കുറവും ഊർജം കൂടുതലുമുള്ള ഫിനിഷർ ഫീഡും നൽകും.
ഹോർമോണും ആന്റിബയോട്ടിക്കും കൂടാതെ ഇറച്ചിക്കോഴി കഴിച്ചാൽ ഹാർട്ട് അറ്റാക്ക് വരും എന്നും വാദിക്കുന്നവരുണ്ട്. ചില കോഴികൾ പെട്ടെന്ന് ചത്തുവീഴുന്നതാണ് ഇതിനായി അവർ ചൂണ്ടിക്കാണിക്കുന്നത്. ഹാർട്ട് അറ്റാക്ക് വന്നതാണെന്നാണ് കണ്ടുപിടിത്തം. എന്നാൽ, ഇറച്ചിക്കോഴികളിൽ സഡൻ ഡെത്ത് സിൻഡ്രോം (sudden death syndrome) എന്നൊരു അവസ്ഥയുണ്ട്. രണ്ടു ദിവസം പ്രായമുള്ളപ്പോൾ മുതൽ അതിന്റെ വളർച്ചാകാലത്തിൽ എപ്പോൾ വേണമെങ്കിലും പെട്ടെന്നുള്ള മരണം ഉണ്ടായേക്കാം. മാത്രമല്ല പൂവൻകോഴികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.
Discussion about this post