തിരുവനന്തപുരം: ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഹണി റോസിന് പിന്തുണയേകുന്ന കുറിപ്പുമായി നടി റിമ കല്ലിങ്കൽ. പരാതിക്ക് പിന്നാലെ ഹണി റോസിന്റെ വസ്ത്രധാരണത്തിനെ വിമർശിച്ചുകൊണ്ട് നിരവധി പരാതികൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ റിമയുടെ കുറിപ്പ്.
പ്രിയപ്പെട്ട സ്ത്രീകളെ, എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ്. നിങ്ങൾക്ക് രസകരവും സുഖവും തോന്നുന്ന ഉടുപ്പിടുക. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന് എന്നും റിമ കുറിച്ചു.
‘പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.’- റിമ കുറിച്ചു.
നേരത്തെ മെറീന മൈക്കിളും ഹണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ സ്ഥാപനങ്ങളിൽ താൻ ഉദ്ഘാടനത്തിന് പോയിട്ടുണ്ടെന്ന് മെറീന പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിന് പോവരുതെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ പറയുന്ന പല കമന്റുകളും കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അവിടേയ്ക്ക് താൻ പോയിട്ടുള്ളൂ. അവിടെയുള്ള ജീവനക്കാരല്ലൊം തന്നോട് വളരെ മാന്യമായി തന്നെയാണ് പെരുമാറിയിട്ടുള്ളൂ എന്നും മെറീന വെളിപ്പെടുത്തി.
േബാബി ചെമ്മണ്ണൂർ ഹണി റോസിനെ ടാർഗറ്റ് ചെയ്യുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും മെറീന തുറന്നടിച്ചു. ഒരു ഘട്ടം കഴിയുമ്പോൾ ആരായാലും പ്രതികരിക്കും. ബോബി ചെമ്മണ്ണൂരിന്റെ പേര് എടുത്ത് പറഞ്ഞുകൊണ്ട് തന്നെ ഹണി പരാതിയുമായി മുന്നോട്ട് വന്നതിൽ സന്തോഷമുണ്ട്. എന്നാൽ, ഇത്തരം കേസുകളിൽ ശിക്ഷ കിട്ടുന്നത് കാണാറില്ല. പലപ്പോഴും കോംപ്രമൈസിലേക്ക് പോവുന്നതാണ് കാണാറ്. ഈ സംഭവത്തിൽ അങ്ങനെ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും മെറീന കൂട്ടിച്ചേർത്തു.
Discussion about this post