മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ജലദോഷവും ചുമയും. ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമ മൂലം പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാം. കാലാവസ്ഥ സംബന്ധമായും അല്ലാതെയും ചുമ ഉണ്ടാകാം. പൊടി, പുക, അലർജി, തണുത്ത ആഹാരങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളും ചുമയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ ചുമക്കുള്ള പരിഹാരം പലപ്പോഴും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകാറുണ്ട്. ആയുർവേദ വിധിപ്രകാരം ചുമ ഭേദമാക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങളെ പറ്റി അറിയാം.
നമ്മൾ എല്ലാവരുടെയും വീട്ടിൽ കാണപ്പെടുന്ന ചുവന്നുള്ളി ചുമയ്ക്ക് ഒരു ഉത്തമ പരിഹാരമാണ്. ചുവന്നുള്ളി തനിച്ചോ അല്ലെങ്കിൽ അല്പം ശർക്കര ചേർത്തോ ചവച്ച് നീരിറക്കുന്നത് ചുമ കുറയാനും തൊണ്ടയ്ക്ക് ആശ്വാസമേകാനും സഹായിക്കും. രാത്രി കിടക്കുന്ന നേരത്ത് ചുമയുടെ ശല്യം ഉള്ളവർ കിടക്കുന്നതിനു മുൻപായി ഒരു സ്പൂൺ തേൻ കഴിക്കുന്നത് ആശ്വാസകരമായിരിക്കും.
ആടലോടകത്തിന്റെ ഇല ചതച്ച് നീരെടുത്ത് ഒരു സ്പൂൺ തേൻ ചേർത്ത് രാവിലെയും രാത്രിയും ഉപയോഗിക്കുന്നത് ചുമ ശല്യം ഒഴിവാക്കാൻ നല്ലതാണ്. തുളസി ഇലയുടെ നീര് കഴിക്കുന്നതും തുളസി കഷായം വെച്ച് കഴിക്കുന്നതും ചുമ ഭേദമാക്കും. ഇഞ്ചിനീരും കുരുമുളകുപൊടിയും തേനിൽ ചേർത്ത് ഉപയോഗിക്കുന്നതും ചുമയ്ക്ക് ആശ്വാസമുണ്ടാക്കും. ചുക്ക്, ജീരകം, കൽക്കണ്ടം എന്നിവ ചേർത്ത് പൊടിച്ചു കഴിക്കുന്നതും ചുമയിൽ നിന്നും ആശ്വാസം ലഭിക്കാൻ സഹായകരമാകുന്നതാണ്.
Discussion about this post