ന്യൂയോർക്ക്: ലോസ് ഏഞ്ചൽസിൽ പടർന്ന് പിടിയ്ക്കുന്ന കാട്ടുതീയിൽ മരണ സംഖ്യ ഉയരുന്നു. രണ്ട് മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം ഏഴായി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
പാലിസേഡ്‌സ്, ഈറ്റൻ എന്നീ പ്രദേശങ്ങളിലാണ് ഓരോ മരണം റിപ്പോർട്ട് ചെയ്തത്. നേരത്തെ അഞ്ച് മരണങ്ങളും പാലിസേഡ്‌സിൽ ആണ് റിപ്പേർട്ട് ചെയ്തത്. നിലവിൽ മൗണ്ട് വിൽസണിലാണ് തീ പടർന്ന് പിടിയ്ക്കുന്നത്. വുഡ്‌ലാൻഡ് ഹിൽസിൽ പുതിയ തീ രുപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ 5000 കെട്ടിടങ്ങൾ പൂർണമായി നശിച്ചിട്ടുണ്ട്. വീടുകൾ, ബഹുനില കെട്ടിടങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 29,000 ഏക്കർ ഭൂമി കാട്ടുതീയിൽ ഇതിനോടകം തന്നെ നശിച്ചിട്ടുണ്ട്. 70,000 ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീ പടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്.
നിലവിൽ ലോസ് ഏഞ്ചൽസിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയെന്നോണമാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം കാട്ടുതീയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post