സംഗീത ലോകത്തെ ഭാവ ഗായകന്‍ പി ജയചന്ദ്രന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു നിന്നിരുന്നു. മലയാളികള്‍ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഈ ഈ ഭൂമിയില്‍ ജീവനോടെ തന്നെയുണ്ടാകും.
പി ജയചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ ആര്യലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് നോവാകുന്നു.
നിത്യ പൗർണ്ണമിയുടെ സംഗീത ചന്ദ്രികയായിരുന്നു മലയാളിക്ക് ജയചന്ദ്രൻ എന്ന് ആര്യലാല്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വിരുന്നു വന്ന ഒരു സുന്ദര രാഗം കൂടി മടങ്ങിപ്പോയിരിക്കുന്നു. ആദ്രസ്വര കണങ്ങളാൽ നമ്മെ കൊരുത്തിട്ട ആ മധുര സംഗീതം നിലച്ചു. ശ്രുതി താണു. ശാരദനിലാവ് തിരിതാഴ്ത്തിയിരിക്കുന്നു. താള തരംഗങ്ങൾക്കൊത്ത് മിടിച്ച ആ ഹൃദന്തവും നിലച്ചു. നാദരൂപിണിയെ അനുയാത്ര ചെയ്ത പാദപദ്മങ്ങളും നിശ്ചലമായി.ആ നാദധാര ഉറക്കമായി.
സംഗീതത്തിൻ്റെ കേവലാനന്ദ സമുദ്രം ഈ ഭൂമിയിൽ ബാക്കി വച്ചിട്ട്, മലിനദേഹമുപേക്ഷിച്ച ഗന്ധർവൻ അപാരതയെ തേടി പോയിരിക്കുന്നു; നിത്യ പൗർണ്ണമിയുടെ സംഗീത ചന്ദ്രികയായിരുന്നു മലയാളിക്ക് ജയചന്ദ്രൻ. കരിവാവ് പുരളാത്ത പൂനിലാവ്. ഇന്നിപ്പോളത് അതിൻ്റെ ആകാശങ്ങളിലേക്ക് യാത്രയായിരിക്കുന്നു. “അഴകുറ്റ ഗാനമേ നിൻ്റെ മുന്നിൽ തൊഴുകൈപ്പൂമൊട്ടുമായ് നില്പൂ ഞങ്ങൾ!”
പണ്ടൊരു കാട്ടുപുൽത്തണ്ട് തകർന്ന് അതിൻ്റെ ശബ്ദം നിലച്ചപ്പോൾ മലയാളം കരഞ്ഞു.”നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലേ നിൻ ഗാനമെന്നും”എന്ന ആ ഓടക്കുഴലിൻ്റെ തന്നെ പാട്ട് മന്ദ്രമധുരമായി ആവർത്തിച്ചാശ്വസിച്ചു. ജയചന്ദ്രൻ മടങ്ങിപ്പോകുമ്പോഴും മലയാളത്തിന് മറ്റെന്താണ് പറയാനുള്ളത്? ഒഴുകിപ്പടർന്ന ഗാനഗംഗയുടെ ആ നാദധാര മലയാളിയുടെ ആസ്വാദനപ്പടവുകളെ തീർത്ഥഘട്ടങ്ങളാക്കുന്നു.
വരികവീണ്ടുമീവഴിയിലൂടങ്ങയെ – ക്കാത്തിരിക്കുന്നൂ വ്രണിതമാം കാതുകൾ!💔🙏
Discussion about this post