പത്തനംതിട്ട: ശബരിമല ശാസ്താവിന് കാണിക്കയായി സ്വർണത്തിൽ തീർത്ത അമ്പും വില്ലും. തെലങ്കാന സ്വദേശിയായ അക്കാറാം രമേശ് ആണ് അയ്യപ്പന് അമ്പും വില്ലും കാണിക്കയായി സമർപ്പിച്ചത്. ഇതിനൊപ്പം വെള്ളിയിൽ തീർത്ത രണ്ട് ആനകളെയും കാണിക്കയായി സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇരുമുടിയേന്തി സന്നിധാനത്ത് ദർശനത്തിന് എത്തിയത്. അപ്പോഴായിരുന്നു അദ്ദേഹം അമ്പും വില്ലും സമർപ്പിച്ചത്. മകൻ അഖിൽ രാജിന് വേണ്ടിയുള്ള നേർച്ചയാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. അഖിൽ രാജിന് എംബിബിഎസിന് സീറ്റ് ലഭിച്ചാൽ സ്വർണത്തിൽ തീർത്ത അമ്പും വില്ലും കാണിക്കയായി നൽകാമെന്ന് അക്കാറാമും ഭാര്യ വാണിയും നേർന്നിരുന്നു. ആഗ്രഹം പോലെ മകന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഇതിന് പിന്നാലെയാണ് രമേശ് കാണിക്കയുമായി അയ്യന് മുൻപിൽ എത്തിയത്.
അമ്പും വില്ലിനും 120 ഗ്രാമാണ് തൂക്കം. വെള്ളി ആനകൾക്ക് 400 ഗ്രാം തൂക്കം ഉണ്ട്. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
Discussion about this post