എറണാകുളം: ആലുവയിൽ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയ സംഭവത്തിൽ വഴിത്തിരിവ്. മോഷണം നാടകം ആയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ പ്രതിയായ ഉസ്താദ് എന്ന് വിളിക്കുന്ന അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. അറബിക് മാന്ത്രികനാണ് ഉസ്താദ് എന്നാണ് അവകാശപ്പെടുന്നത്.
ആലുവയിലെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും 8 ലക്ഷം രൂപയുമാണ് മോഷണം പോയത്. ഇത് വീട്ടുടമയുടെ അറിവോടെ ഉസ്താദ് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. ഇത് പുറത്തറിയുമെന്ന ഘട്ടം എത്തിയപ്പോൾ ഇരുവരും ചേർന്ന് കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു.
അറബിക് മന്ത്രവാദിയാണെന്ന് പറഞ്ഞ് രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഉസ്താദ് ഗൃഹനാഥനുമായി അടുപ്പത്തിൽ ആയത്. ഈ വീട്ടിലെ മറ്റൊരു കുടുംബാംഗത്തിന് ആപത്ത് ഉണ്ടാകുമെന്നും അത് മന്ത്രവാദം വഴി പരിഹരിക്കണമെന്നും പറഞ്ഞായിരുന്നു ഇയാൾ ബന്ധം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് പലതവണകളായി സ്വർണവും പണവും കാണാതെ ആയത്.
വീട്ടിലെ ഗൃഹനാഥന് സ്വർണവുമായി ബന്ധപ്പെട്ട് ചില അനധികൃത ഇടപാടുണ്ട്. ഇതേ തുടർന്നാണ് സംഭവത്തിൽ ഗൃഹനാഥന് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നത്. വീട്ടുകാർ ഇക്കാര്യം അറിയുമെന്ന് ആയപ്പോൾ വീട്ടിൽ മോഷണം നടന്നതായി വരുത്തി തീർക്കുകയായിരുന്നു.
വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ മോഷണം നടന്നതിന് പിറ്റേന്നും ഇയാൾ സ്ഥലത്ത് എത്തി. ശേഷം മോഷണത്തെക്കുറിച്ച് വീട്ടുകാർക്ക് വിശദീകരിച്ച് നൽകുകയായിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് ഉസ്താദ് തന്നെ കുടുങ്ങിയത്.
Discussion about this post