ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരിക്ക് ഭേദമാകാൻ സമയമെടുത്തേക്കുമെന്നാണ് സൂചന. ബുംറ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന കാര്യം തന്നെ അനിശ്ചിതത്വത്തിലാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിനിടെയായിരുന്നു ബുംറയ്ക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് ബുംറ രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞിരുന്നില്ല.
നിലവിൽ ബുംറയോട് ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാനാണ് ബിസിസിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവിടെയായിരിക്കും വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ബുംറ ശാരീരികക്ഷമത വീണ്ടെടുക്കുക. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് ഇത് വരെയുള്ള പരിശോധനകളിൽ വ്യക്തമായിട്ടുള്ളതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ മൂന്നാഴ്ച കൊണ്ട് ബുംറയ്ക്ക് ശാരീരികക്ഷമത വീണ്ടെടുക്കാനായേക്കും. അങ്ങനെയെങ്കിൽ മാർച്ച് രണ്ടാം വാരത്തോടെ അദ്ദേഹം ടീമിനൊപ്പം ചേരാനും സാധ്യതയുണ്ട്.
ബുംറയുടെ വിശദ മെഡിക്കൽ റിപ്പോർട്ട് ഇത് വരെ സെലക്ടർമാർക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതിനാൽ ജസ്പ്രീത് ബുംറയെ 15 അംഗ ടീമിൽ ഉൾപ്പെടുത്തണോ, അതോ റിസർവ്വ് പട്ടികയിൽ ഉൾപ്പെടുത്തണോ എന്നാണ് സെലക്ടർമാർ ആലോചിക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശുമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം മാർച്ച് രണ്ടിന് ന്യൂസിലൻ്റുമായാണ്. മാർച്ച് നാലിനാണ് നോക്കൌട്ട് ഘട്ടം തുടങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരായ ട്വൻ്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്തിടെ സമാപിച്ച ഓസ്ട്രേലിയൻ പരമ്പരയിൽ മിന്നുന്ന ഫോമിലായിരുന്നു ബുംറ. 32 വിക്കറ്റുമായി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു.
Discussion about this post