കൊല്ലം: സംസ്ഥാനത്ത് പച്ചരിവില കുത്തനെ ഉയരുന്നു. കിലോഗ്രാമിന് 40-47 രൂപവരെയാണ് മൊത്തവിപണിയിലെ വില. മൂന്ന് മാസം മുൻപ് വെറും 30 രൂപയായിരുന്നു പച്ചരിയ്ക്ക് വില ഈടാക്കിയിരുന്നത്. സംസ്ഥാനത്തേക്ക് എത്തുന്ന പച്ചരിയിൽ 80 ശതമാനവും വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാട്ടിൽ പച്ചരിയ്ക്ക് ഡിമാന്റ് വർദ്ധിച്ചതോടെയാണ് ഈ വിലവർദ്ധനവ്.
പച്ചരി വില കൂടിയതോടെ അരിപ്പൊടിയുടെയും മറ്രും വിലയും ഉയർന്നിട്ടുണ്ട്. പൊങ്കൽ കഴിയുന്നതോടെ വലിയതോതിൽ പച്ചരി വിപണിയിൽ എത്തുമെന്നും ഇതോടെ വില താഴുമെന്നുമാണ് പ്രതീക്ഷ.അതേസമയം, ജയ, പൊന്നി അടക്കമുള്ള മറ്റിനം അരികളുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവ പ്രധാനമായും എത്തുന്നത്. ആന്ധ്ര അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കൂടിയതാണ് വില കൂടാതിരിക്കാൻ കാരണം.
അതേസമയം കേന്ദ്ര സർക്കാരിന്റെ ഭാരത് അരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള വിപണിയിൽ എത്തിയിരിക്കുകയാണ്. ആദ്യം കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വിൽപ്പന നടത്തിയത്. നിലവിൽ 22 രൂപയ്ക്കാണ് അരി വിൽപ്പന നടത്തുന്നത്. അഞ്ച്, പത്ത് കിലോകളുടെ പാക്കറ്റുകളായാണ് അരി ലഭ്യമാകുക.
Discussion about this post