എറണാകുളം: താരസംഘടനയായ അമ്മയിൽ നിന്നും പദവി രാജിവച്ച് നടൻ ഉണ്ണി മുകുന്ദൻ. അമ്മയുടെ ട്രഷറർ സ്ഥാനമാണ് നടൻ ഒഴിഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അദ്ദേഹം പദവി ഒഴിയുന്നത്.
ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും ഒഴിയാനുള്ള തീരുമാനം എടുത്തതെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. അമ്മയുടെ ട്രഷറർ സ്ഥാനം ആസ്വദിച്ചിരുന്നു. അതൊരു വലിയ അനുഭവം ആയിരുന്നു. മാർകോ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി വലിയ തിരക്കിലായിരുന്നു ഞാൻ. ഈ തിരക്കുകൾ എന്റെ മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്.
പ്രൊഫഷണൽ ലൈഫിലെ തിരക്കുകൾ കൊണ്ട് വ്യക്തി ജീവിതത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല. ഇത് ഒരു തുല്യതക്കുറവ് സൃഷ്ടിച്ചിട്ടുണ്ട്. പലപ്പോഴും ഉത്തരവാദിത്വങ്ങളും കടമകളും നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. അതുകൊണ്ട് തന്നെ സ്ഥാനം ഒഴിയുന്നതാണ് നല്ലത് എന്ന് ചിന്തിക്കുന്നു.
ട്രഷറർ സ്ഥാനത്ത് ഇരിക്കുമ്പോൾ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കാൻ സാധിച്ചു. എന്നിലർപ്പിച്ച വിശ്വാസത്തിന് ഏവർക്കും നന്ദി. പുതിയ ആള് ചുമതലയേൽക്കുന്നതുവരെ താത്കാലിക ചുമതലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post