സംസ്ഥാനത്ത് ഇനി ഭൂമി വിൽക്കാനും വാങ്ങാനും പുതിയ നടപടിക്രമങ്ങൾ. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും എന്റെ ഭൂമി പോർട്ടൽ വഴി വേണം അപേക്ഷിക്കാൻ. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലെ ഇനി സ്ഥലം വിൽക്കാനാവൂ. ഭൂമി വിൽക്കുന്ന സമയം തന്നെ നിലവിലെ ഉടമസ്ഥനിൽ നിന്ന് പുതിയ ഉടമയിലേക്ക് ‘ പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനം വരികയാണ്.
ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്‌കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്‌കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതൽ രേഖപ്പെടുത്തും. ഇതുൾപ്പെടെ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
സർവ്വേ റെക്കോർഡുകളിൽ ആക്ഷേപം ഉള്ളവർക്ക് ഡിഎൽആർഎം മുഖാന്തിരം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. നേരത്തെ സർവ്വേ റെക്കോർഡിൽ ഭൂവിസ്തൃതി കുറവാണെങ്കിൽ അതിനും,കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഭൂമിയുടെ ക്രയവിക്രയത്തിനും മറ്റ് ആവശ്യങ്ങൾക്കും കോ-റിലേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കണം. എന്നാൽ ഡിജിറ്റൽ സർവ്വേ പ്രകാരം, അടയ്ക്കുന്ന നികുതിയുടെ രസീതിൽ ഭൂമിയുടെ പഴയ ബ്ലോക്കും സർവ്വേ നമ്പരും രേഖപ്പെടുത്തിയിരിക്കുമെന്നതിനാൽ ഇത്തരം നടപടികൾ ഒറ്റത്തവണ പരിശോധനയിലൂടെ സാധ്യമാകും.
ഡിജിറ്റൽ സർവ്വേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്‌സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിന് മുന്നോടിയായി ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫീസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.
ഭൂമി വിൽക്കുന്നതിനായി അപേക്ഷിക്കുമ്പോൾ ഭൂരേഖകളെ കുറിച്ചുള്ള പരാതികൾ മനസിലാക്കാൻ സർവ്വേ സ്‌കെച്ചിൽ ഇനി 3 നിറങ്ങളിലെ കോഡുകൾ ഉണ്ടാകും. ഡി-ബിടിആർ,ഡി-തണ്ടപേപ്പർ രജിസ്റ്റർ എന്നിവയിൽ ഉടമസ്ഥന്റെ പേരിലും വിലാസത്തിലുമുള്ള അക്ഷരതെറ്റുകൾ സംബന്ധിച്ച പരാതിയാണെങ്കിൽ പച്ചനിറം. ഉടമസ്ഥത സംബന്ധിച്ചോ വിസ്തീർണം സംബന്ധിച്ചോ പരാതിയുള്ളവയാണ് മഞ്ഞ നിറത്തിലുള്ള സ്‌കെച്ച്. സർക്കാർ ഭൂമിയിമായി അതിരുപങ്കിടുന്നതിനാൽ പരാതിയുള്ളവയാണ് ചുവപ്പുനിറത്തിലുള്ളവ,
Discussion about this post