കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കാത്തിരിപ്പിന് ഒടുവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്. മോണ്ടിനെഗ്രോയിൽ നിന്നുള്ള 29കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുസാൻ ലഗാറ്ററാണ് പുതിയ സൈനിംഗ്.
മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടി 9 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ലഗാറ്റർ, ഏറ്റവും ഒടുവിൽ ഹംഗേറിയൻ ഒന്നാം ഡിവിഷൻ ലീഗിലെ ഡെബ്രെസൻ എന്ന ക്ലബ്ബിന് വേണ്ടിയാണ് കളിച്ചിരുന്നത്.
കഴിഞ്ഞ സമ്മറിൽ ജീക്സൻ സിംഗ് ക്ലബ് വിട്ടതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് ഒരു പ്രോപ്പർ ഡിഫൻസീവ് മിഡ്ഫീൽഡർ ഉണ്ടായിരുന്നില്ല. ഇത് ഐഎസ്എല്ലിലെ ഈ സീസണിലെ ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. ദുസാൻ ലഗാറ്ററിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.
യൂറോപ്പിൽ കളിച്ച് അനുഭവ സമ്പത്തുള്ള ദുസാൻ ലഗാറ്ററിനെ ട്രാൻസ്ഫർ ഫീ നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തിരിക്കുന്നത്. എത്രയാണ് തുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ദുസാനെ സൈൻ ചെയ്ത കാര്യം ബ്ലാസ്റ്റേഴ്‌സ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കളിയുടെ ഗതി നിയന്ത്രിക്കാൻ മിടുക്കനായ താരമായാണ്
ദുസാൻ ലഗാറ്ററിനെ വിശേഷിപ്പിക്കുന്നത്.
ജന്മരാജ്യമായ മൊണ്ടിനെഗ്രോയിലെ ടോപ്പ് ലീഗ് ക്ലബ്ബായ സുറ്റ്ജെസ്കയിൽ പന്ത് തട്ടി തുടങ്ങിയ ലഗാറ്റർ ബെലാറസ്, കസാഖിസ്ഥാൻ, ഹംഗറി എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2020ൽ മൊണ്ടിനെഗ്രോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ലഗാറ്റർ അവരുടെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചും മോണ്ടിനെഗ്രോയിൽ നിന്നുള്ള താരമാണ്.
Discussion about this post