കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീഷ് പോത്തൻ നായകനാവുന്ന അം അഃ എന്ന ചിത്രത്തിലെ ഗാനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വാണി ജയതേ. സിനിമയിലെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വരികളെഴുതിയ കണ്ണെത്താ ദൂരത്ത് എന്ന് തുടങ്ങുന്ന നാടൻപാട്ടും റഫീഖ് അഹമ്മദ് എഴുതിയ ആരോരും എന്ന ഗാനവുമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപീ സുന്ദർ ആണ് ഇരുഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഈ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് മനസ്സിൽ കുളിർമ്മ നൽകുന്ന ഈണങ്ങൾ എന്നാണ് പാട്ടുകളെ കുറിച്ച് വാണി ജയതേ കുറിച്ചിരിക്കുന്നത്. ഗാപി സുന്ദറിന്റെ തിരിച്ചു വരവ് തന്നെയാണ് ഈ ഗാനങ്ങൾ. വരികളെഴുതിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെ കുറിച്ചും റഫീഖ് അഹമ്മദിനെ കുറിച്ചും കുറിപ്പിൽ പറയുന്നു. മലയാളത്തിൽ മെലഡിയുടെ മഞ്ഞുകാലം തിരികെ വരികയാണെന്ന് തോന്നിപ്പിക്കുന്ന പാട്ടുകളാണ് അം ആയിലേത്. പേരിലെ പ്രത്യേകതയ്ക്കുമപ്പുറം എന്തെങ്കിലുമൊക്കെ ഒളിപ്പിച്ചു വെച്ചിരിക്കുന്നുണ്ടെന്ന് പ്രതീക്ഷ നൽകുന്നതാണ് ദിലീഷ് പോത്തന്റെ പുതിയ സിനിമയെന്നും വാണി ജയതേ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഈ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് മനസ്സിൽ കുളിർമ്മ നൽകുന്ന ഈണങ്ങൾ. ഗോപി സുന്ദറിന്റെ തിരിച്ചു വരവ് തന്നെയാണെന്ന് പറയാം. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന നാടൻ പാട്ടുകളുടെ ഉള്ളറിഞ്ഞ എഴുത്തുകാരനും ചേരുമ്പോൾ.. ഇത്തരത്തിലുള്ള ഈണങ്ങൾ പതിവ് പോലെ പാടാറുള്ള സിത്താരയും പുഷ്പവതിയും പോലെയുള്ള വോക്കലുകളിൽ നിന്നും ഒട്ടുമാറി പുതിയ ഒരു ശബ്ദവും പരീക്ഷിച്ചിട്ടുണ്ട്. അദ്വൈത പദ്മകുമാർ. ആദ്യമായിട്ട് കേൾക്കുകയാണ്. പച്ചപ്പിന്റെ ദൃശ്യപ്പൊലിമയിൽ ഒഴുകുന്ന ഒരു കാട്ടുചോലയിൽ നിന്നും ഒരു കുമ്പിൾ തെളിനീർ കവിൾ കൊണ്ട സുഖം..
റഫീഖ് അഹമ്മദ്ദിന്റെ മികച്ച കവിതകൾ കേട്ട കാലം മറന്നിരുന്നു. ഒരു കാലത്ത് മൈ മദേഴ്സ് ലാപ്‌ടോപ്പിലേയും, സ്പിരിറ്റിലെയും ഒക്കെ പാട്ടുകളിൽ അദ്ദേഹം ചേർത്തു വെച്ചിരുന്ന കവിതയുടെ പൊട്ടും പൊടിയും വീണ്ടും ഒരിക്കൽ കൂടി ഒരു വെൺതൂവൽ പോലെ നമ്മുടെ ഉള്ളിൽ സ്പർശിച്ചു പോവുന്ന ഒരു സുഖം… സെബാ ടോമി, പുതിയ തലമുറയിൽ ഏറ്റവും കൂടുതൽ വേർസ്റ്റാലിറ്റി ഉള്ള ഒരു ശബ്ദമായിട്ട് തോന്നിട്ടുണ്ട്. ഇനിയും ഏറെ ഉപയോഗിക്കേണ്ട ഒരു ശബ്ദമാണെന്ന് എടുത്തു പറയുന്ന പാട്ടാണ് ആരോരും…
മലയാളത്തിൽ മെലഡിയുടെ മഞ്ഞുകാലം തിരികെ വരികയാണെന്ന് തോന്നിപ്പിക്കുന്ന പാട്ടുകളാണ് അം ആയിലേത് (ലിങ്കുകൾ കമന്റ് ബോക്‌സിൽ). പേരിലെ പ്രത്യേകതയ്ക്കുമപ്പുറം എന്തെങ്കിലുമൊക്കെ ഒളിപ്പിച്ചു വെച്ചിരിക്കുന്നുണ്ടെന്ന് പ്രതീക്ഷ നൽകുന്നതാണ് ദിലീഷ് പോത്തന്റെ പുതിയ സിനിമ.
Discussion about this post