ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരങ്ങളായ ഡബിൾ ഒളിമ്പിക്‌സ് ജേതാവ് മനു ഭാക്കർ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്സിൽ ഹൈ ജംപിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്ക് ഖേൽ രത്‌ന പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വച്ച് നടന്ന ദേശിയ കായികദിന ചടങ്ങിലാണ് രാഷ്ട്രപതി ഇന്ത്യയുടെ അഭിമാനതാരങ്ങൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ താരങ്ങൾക്ക് ഉജ്വല സ്വീകരണമാണ് രാഷ്ട്രപതി ഭവനിൽ ലഭിച്ചത്.
മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ 32 കായികതാരങ്ങൾക്ക് അർജുന അവാർഡും സമ്മാനിച്ചു. പരിശീലക മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം നേടിയത് മലയാളി ബാഡ്മിന്റൺ കോച്ച് എസ് മുരളീധരനാണ്. അർജുന ലഭിച്ച 32 പേരിൽ 17 പേർ പാരാ അത്‌ലറ്റുകളാണ്. ആദ്യമായാണ് ഇത്രയും പാരാ അത്‌ലറ്റുകൾ ഒരുമിച്ച് പുരസ്‌കാരത്തിന് അർഹരാവുന്നത്. പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യ ഗംഭീരമായ പ്രകടനത്തിലൂടെ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ഉൾപ്പെടെ 29 മെഡലുകൾ നേടിയിരുന്നു.
Discussion about this post