ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ താരമാണ് അനശ്വര രാജൻ. കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇതിനകം തന്നെ അനശ്വര സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മോഹൻ ലാൽ ചിത്രമായ നേരിലും, ജയറാം ചിത്രമായ എബ്രഹാം ഓസ്ലറിലും മികച്ച അഭിനയമായിരുന്നു അനശ്വര കാഴ്ച്ച വച്ചത്. നടിയുടെ അവസാനമായി ഇറങ്ങിയ രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളൻ എന്നീ രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായം നേടുന്നുണ്ട്.
ഇപ്പോഴിതാ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയതോടെ സ്‌കൂളിൽ ഒറ്റപ്പെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് അനശ്വര. തന്നോടൊപ്പം അധികം കൂട്ടുകൂടരുതെന്ന് കൂട്ടുകാരോട് അവരുടെ രക്ഷിതാക്കൾ പറയാറുണ്ടെന്നും അനശ്വര പറയുന്നു. പെൺകുട്ടിയാണ് വീട്ടിലെ ഐശ്വര്യമെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്. അത് താൻ തിരുത്തിയിട്ടുമുണ്ട്. മറ്റൊരു വീട്ടിൽ വിവാഹം കഴിഞ്ഞ് പോവേണ്ട പെൺകുട്ടിയാണെന്ന് പറഞ്ഞ് തന്നെക്കൊണ്ട് വീട്ടിൽ ആരും പണിയെടുപ്പിക്കാറില്ല. വീട്ടിൽ എല്ലാവരും ഒരുമിച്ചാണ് ജോലികൾ ചെയ്യാറുള്ളത്. തന്റെ എല്ലാ കാര്യങ്ങളും അച്ഛന് അറിയാമായിരുന്നു. തന്റെ പീരീയഡ്‌സിന്റെ ഡേറ്റ് പോലും താൻ മറന്ന് പോയാലും അച്ഛൻ ഓർത്ത് വക്കാറുണ്ട്. തനിക്ക് ആ സമയങ്ങളിൽ ആവശ്യമുള്ള സാധനങ്ങളെല്ലാം അച്ഛൻ എത്തിച്ചുതരാറുണ്ടെന്നും അനശ്വര പറഞ്ഞു.
മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാതയായിരുന്നു എന്റെ ആദ്യ സിനിമ. ഷൂട്ടിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് സ്‌കൂളിൽ എത്തിയത്. സിനിമ ഹിറ്റായിരുന്നു. അങ്ങനെ ആളുകളൊക്കെ എന്നെ അറിയാൻ തുടങ്ങി. കുറച്ച് പ്രശസ്തിയൊക്കെ വന്നു. എന്നാൽ, അതിന്റെ മോശം വശങ്ങളും ഞാൻ സ്‌കൂളിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഇനി പഠിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എന്നായിരുന്നു മാർക്ക് കുറഞ്ഞാൽ അദ്ധ്യാപകർ എന്നോട് പറയാറുള്ളത്. എന്നോടൊപ്പം അധികം സൗഹൃദം വേണ്ടന്ന് അദ്ധ്യാപകർ എന്റെ സുഹൃത്തുക്കളുടെ രക്ഷിതാക്കളോടും പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളിലും ഒറ്റപ്പെടുത്തിയിട്ടുണ്ട്’- അനശ്വര പറയുന്നു.
അന്നെനിക്ക് 15 വയസാണ്. സെൽഫിയെടുത്താൽ ചിരിക്കാൻ പോലും പറ്റാതെയായിട്ടുണ്ട്. ചിലപ്പോൾ അത് അഹങ്കാരമാണെന്ന് പറയാറുണ്ട്. ക്ലാസിലിരുന്ന് ചിലപ്പോഴൊക്കെ കുറേ കരഞ്ഞിട്ടുണ്ട്. സഹിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. സ്‌കൂൾ മാറണമെന്ന് പോലും പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഫെയിമിന്റെ ഇത്തരത്തിലുള്ള ഒരു വശം ആദ്യമൊക്കെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അനശ്വര കൂട്ടിച്ചേർത്തു.
Discussion about this post