എറണാകുളം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാത നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഈശ്വർ വീണ്ടും രംഗത്ത്. ഹണി റോസിനോട് മാദ്ധ്യമങ്ങൾക്ക് പെറ്റമ്മ നയവും തന്നോട് ചിറ്റമ്മ നയവുമാണെന്നും രാഹുൽ ഈശ്വർ തുറന്നടിച്ചു. ഹണി റോസ് നലകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാൽ, ഹണി റോസിന് തിരിച്ചടി എന്ന് പറഞ്ഞ് വാർത്ത കൊടുക്കാൻ ഒരു മാദ്ധ്യമങ്ങളും തയ്യാറായില്ലെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
തന്റേത് താൽക്കാലിക വിജയം മാത്രമാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന് യുവജന കമ്മീഷനും വനിതാ കമ്മീഷനും തന്നെ വേട്ടയാടുകയാണ്. ഇത് വിഷമകരമാണ്. പുരുഷന്മാരെ കുടുക്കാൻ എളുപ്പമാണ്. പുരഒഷ കമ്മീഷൻ രൂപീകരിക്കണം. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. ഹണി റോസ് ഇതിനെ പിന്തുണയ്ക്കണം. നിയമപരമായി പുരുഷന്മാർ അനാഥരാണ്. അവർക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കുകയും രണ്ട് എംഎൽഎമാരെ കാണുകയും ചെയ്യും. എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രൈവറ്റ് ബില്ല് കൊണ്ടുവരുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്.
പരാതി കൊടുക്കുന്നവർ എല്ലാവരും അതിജീവിതമാരല്ല. എതിർഭാഗത്ത് നിൽക്കുന്നവർ വേട്ടക്കാരുമല്ല. പരാതിക്കാരും ആരോപണ വിധേയരും ആണ്. ആരോപണ വിധേയരായ പുരുഷന്മാർക്കും അവകാശങ്ങളുണ്ടെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
Discussion about this post