ജനുവരിയിലെ രണ്ടാമത്തെ സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിന്റെ യുവ ഡിഫൻഡർ ബികാഷ് യുമ്നമിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
21കാരനായ താരത്തിന് 2029വരെയുള്ള ദീർഘമായ കരാറാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ വളർന്നു വരുന്ന പ്രതിഭകളിൽ ഒരാളായാണ് ബികാഷ് യുമ്നമിനെ വിലയിരുത്തുന്നത്. മിനർവ പഞ്ചാബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരം പിന്നീട് ഇന്ത്യൻ ആരോസിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. 2023ൽ ഐഎസ്എൽ ക്ലബ് ചെന്നൈയിനിലേക്ക് ചേക്കേറിയ യുമ്നം പ്രധാനമായും സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ബികാഷ് യുമ്നം ചെറിയ പ്രായത്തിനിടയിൽ തന്നെ ചെന്നൈയിന് വേണ്ടി 31 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
മികച്ച ലീഡർഷിപ്പ് ക്വാളിറ്റിയുള്ള യുമ്നം മാൻ മാർക്കിംഗിലും ടാക്കിളുകളിലും മികവ് പുലർത്തുന്ന ഡിഫൻഡറാണ്. സെറ്റ് പീസുകൾ ഡിഫൻഡ് ചെയ്യാനും മിടുക്കനാണ്. ഇന്ത്യയുടെ അണ്ടർ 19, അണ്ടർ 15 ടീമുകൾക്ക് വേണ്ടി ബികാഷ് കളിച്ചിട്ടുണ്ട്. വെറ്ററൻ ഡിഫൻഡർ പ്രീതം കോട്ടാൽ ചെന്നൈയിനിലേക്ക് ചേക്കിറയതിന് പകരമായാണ് യുമ്നം വരുന്നത്. 2023ൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ പ്രീതം കോട്ടാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, ഈ സീസണിൽ കോട്ടാലിന് സമാനമായ പ്രകടനം ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. പലപ്പോഴും പ്രീതത്തിന്റെ ഭാഗത്ത് നിന്ന് പിഴവുകൾ സംഭവിച്ചിരുന്നു.
ബികാഷ് യുമ്നം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. താരവുമായി ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പ്രീ കോൺട്രാക്റ്റിൽ എത്തിയിരുന്നു. എന്നാൽ, പ്രീതം കോട്ടാലിനെ കൈമാറിയതോടെ സ്വാപ് ഡീൽ എന്ന നിലയിൽ ബികാഷ് യുമ്നമിനെ ഈ സീസണിൽ തന്നെ ചെന്നൈയിൻ റിലീസ് ചെയ്യുകയായിരുന്നു. മോണ്ടിനെഗ്രോയിൽ നിന്നുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ ദുസാൻ ലഗാറ്ററിനെ കഴിഞ്ഞയാഴ്ച ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തിരുന്നു.
Discussion about this post