വനിതാ അണ്ടർ 19 ട്വൻ്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ
വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. ഒൻപത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് വെറും 44 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം ഓവറിൽ ലക്ഷ്യത്തിലെത്തി. രണ്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം വി ജെ ജോഷിതയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത് ജോഷിതയുടെ മികച്ച ബൌളിങ് പ്രകടനമായിരുന്നു. രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ വിൻഡീസ് ക്യാപ്റ്റൻ സമര രാംനാഥിനെയും നൈജനി കംബർബാഷിനെയുമാണ് ജോഷിത പുറത്താക്കിയത്. തുടർന്നെത്തിയ വിൻഡീസ് താരങ്ങളിൽ ആർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. അഞ്ച് വിൻഡീസ് താരങ്ങൾ പൂജ്യത്തിന് മടങ്ങിയപ്പോൾ രണ്ട് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 13.2 ഓവറിൽ 44 റൺസിന് വിൻഡീസ് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി പരുണിത സിസോദിയയും ആയുഷി ശുക്ലയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 4.2 ഓവറിൽ ലക്ഷ്യത്തിലെത്തി. ജി കമാലിനി 16 റൺസുമായും സനിക ചൽകെ 18 റൺസുമായും പുറത്താകാതെ നിന്നു. ചൊവ്വാഴ്ച മലേഷ്യയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. മൽസരത്തിൽ പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട വി ജെ ജോഷിത വയനാട് കൽപ്പറ്റ സ്വദേശിയാണ്. അണ്ടർ 19 ഏഷ്യാ കപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ജോഷിത മികച്ച പ്രകടനവും കാഴ്ച വച്ചിരുന്നു. കേരള അണ്ടർ 19 ടീമിൻ്റെ ക്യാപ്റ്റനായിരുന്ന ജോഷിത സുൽത്താൻബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്. കഴിഞ്ഞ ഏഴ് വർഷത്തോളമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം തുടരുന്നത്. വെല്ലച്ചിറ വി.ടി. ജോഷിയും എം.പി.ശ്രീജയുമാണ് മാതാപിതാക്കൾ. വനിതാ പ്രീമിയർ ലീഗിലേക്ക് നടന്ന ലേലത്തിൽ ആർസിബി പത്ത് ലക്ഷം രൂപയ്ക്ക് ജോഷിതയെ സ്വന്തമാക്കിയിരുന്നു.
Discussion about this post