കോഴിക്കോട്: ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുവള്ളി സ്വദേശി ശരണ്യ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷം കഴിച്ചായിരുന്നു ശരണ്യയുടെ ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് അടുത്ത് മുറിയെടുത്തായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയിൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് അവശനിലയിൽ കണ്ടത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ശരണ്യയുടെ ആത്മഹത്യാ ശ്രമം.
2020 ഫെബ്രുവരിയിൽ ആയിരുന്നു ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശരണ്യ കുഞ്ഞിനെ കൊന്നതാണെന്ന് വ്യക്തമായത്. തുടർന്ന് കൊലക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ ഇടാനും യുവതി ശ്രമിച്ചിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.
Discussion about this post