തിരുവനന്തപുരം: സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഷാരോൺ കേസ് സമൂഹത്തിന് നൽകുന്നത് എന്ന് കോടതി. കേസുമായി ബന്ധപ്പെട്ട വിധി പ്രസ്താവത്തിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. പ്രണയത്തിന്റെ അടിമയാണ് ഷാരോൺ എന്നും കോടതി വ്യക്തമാക്കി. 586 പേജുള്ള വിധി പ്രസ്താവം ആയിരുന്നു കോടതി തയ്യാറാക്കിയിരുന്നത്.
മറ്റൊരു വിവാഹം വന്നപ്പേൾ ബന്ധം അവസാനിപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഇതിന് വിഷം നൽകി കൊലപ്പെടുത്തുക എന്നത് തെറ്റായ സന്ദേശം ആണ്. ഗ്രീഷ്മയെ ഷാരോൺ വളരെയധികം സ്‌നേഹിച്ചിരുന്നു. മരണക്കിടക്കയിലും ഷാരോൺ യുവതിയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഒരിക്കലും ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ആശുപത്രിയിൽ വച്ചുള്ള ഇരുവരുടെയും സംസാരം ഇതിന്റെ തെളിവാണ്.
11 ദിവസം ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയാതെ ആയിരുന്നു ഷാരോൺ ആശുപത്രിയിൽ കിടന്നത്. ഈ സമയവും വാവ എന്നായിരുന്നു പ്രതിയെ ഷാരോൺ വിളിച്ചിരുന്നത്. കടുത്ത വിശ്വാസ വഞ്ചനയാണ് പ്രതി നടത്തിയത്.
വിവാഹ നിശ്ചയത്തിന് ശേഷവും ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കൗശലം പ്രയോഗിച്ച് വിഷം നൽകുകയായിരുന്നു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ച് നിൽക്കാൻ പ്രതി ശ്രമിച്ചു. കൊലപ്പെടുത്തിയ ശേഷം ഷാരോണിനെ വ്യക്തിഹത്യ ചെയ്തു. ഷാരോൺ മർദ്ദിച്ചു, ഭീഷണിപ്പെടുത്തി എന്നെല്ലാം തരത്തിൽ ഗ്രീഷ്മ ആരോപണം ഉന്നയിച്ചു. എന്നാൽ തെളിവുകൾ ഇതിനെല്ലാം എതിര് ആയിരുന്നു.
സ്‌നേഹ ബന്ധത്തിൽ തുടരുമ്പോഴും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ജ്യൂസിൽ പാരസെറ്റമോൾ കലക്കി കൊടുത്തത് കൊല്ലാൻ ആയിരുന്നു ശ്രമം. ജ്യൂസിൽ എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായ ഷാരോൺ അത് കുടിക്കാതെ ഇരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജ്യൂസ് ചാലഞ്ചിന്റെ വീഡിയോ ഷാരോൺ പകർത്തിയത് എന്നും കോടതി വ്യക്തമാക്കി.
Discussion about this post