തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ നടത്തിയത് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്ന ആസൂത്രണം. അതിവിദഗ്ധമായ ഗവേഷണത്തിനൊടുവിൽ ആയിരുന്നു ഷാരോണിനെ ഗ്രീഷ്മ വിഷം കുടിപ്പിച്ചത്. ഫോൺ പരിശോധിച്ചതിൽ നിന്നായിരുന്നു ഗ്രീഷ്മയുടെ ക്രിമിനൽ ബുദ്ധി പോലീസിന് വ്യക്തമായത്.
മെല്ലെ മെല്ലെ വിഷം നൽകി ഷാരോണിനെ വകവരുത്താൻ ആയിരുന്നു ഗ്രീഷ്മയുടെ പദ്ധതി. ഇതിനായി പാരസെറ്റമോൾ ഗുളികകൾ സംഘടിപ്പിച്ചു. ശേഷം ഇത് കോളേജിലെ ശുചി മുറി വെള്ളത്തിൽ കലർത്തി. ശേഷം ഇതൊരു കുപ്പിയിൽ സൂക്ഷിച്ചു. ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ജ്യൂസിൽ ഗ്രീഷ്മ കലർത്തി നൽകിയത് ഈ മിശ്രിതം ആയിരുന്നു.
ജ്യൂസ് കുടിച്ച ഷാരോൺ കൈപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ബാക്കി വയ്ക്കുകയായിരുന്നു. ജ്യൂസ് പഴകിയെന്ന് പറഞ്ഞ് പിന്നീട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കി. പിന്നീട് രണ്ടാമത്തെ കുപ്പി ഇരുവരും ചേർന്ന് കുടിക്കുകയായിരുന്നു. ആദ്യ ശ്രമം പാളിയതോടെ ഏത് വിധേനയും കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിഷത്തെക്കുറിച്ച് ഫോണിൽ പരിശോധിക്കാൻ തുടങ്ങി.
പ്രത്യേക തരം രാസവസ്തു ശരീരത്തിൽ എത്തിയാൽ ആന്തരികാവയവങ്ങൾ തകർന്ന് സാവധാനം മരിക്കുമെന്ന് ഗ്രീഷ്മ കണ്ടെത്തി. ഇതോടെ ഈ രാസവസ്തു അടങ്ങിയ കീടനാശിനികളെക്കുറിച്ച് തിരയുകയായിരുന്നു. അപ്പോഴാണ് അമ്മാവൻ ഉപയോഗിക്കുന്ന കളനാശിനിയിൽ ഈ രാസവസ്തു ഉണ്ടെന്ന് ഗ്രീഷ്മ മനസിലാക്കിയത്.
കളനാശിനിയുടെ രുചിയും മണവും അറിയാതിരിക്കാൻ എന്ത് ചെയ്യും എന്നായി ഗ്രീഷ്മയുടെ ചിന്ത. ഇതോടെ കഷായത്തിൽ കലർത്തി നൽകാൻ തീരുമാനിക്കുകയായിരുന്നു. അൽപ്പം കഷായത്തിൽ കളനാശിനി കലർത്തി. വിഷം ചേർക്കാതെ അൽപ്പം കഷായം മാറ്റിവയ്ക്കുകയും ചെയ്തു. തുടർന്ന് വിഷം ചേർത്ത കഷായം നൽകുകയായിരുന്നു.
Discussion about this post