കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി സഹായം ഒരുക്കിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജയിൽ ആസ്ഥാന ഡി.ഐ.ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി. ജയിലിൽ ബോബിയെ കാണാൻ വി.ഐ.പി.കൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അദ്ദേഹത്തിന്റെ ടോയ്‌ലറ്റ് ഉൾപ്പെടെ ഉപയോഗിക്കാനായി ബോബി ചെമ്മണ്ണൂരിന് നൽകിയെന്നും കണ്ടെത്തൽ ഉണ്ടായിരുന്നു.
സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു.ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒരു തൃശ്ശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പികൾ ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചുവെന്നും രജിസ്റ്ററിൽ അവർ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ കൂടി പൊലീസ് ചുമത്തി. BNS 78 ആണ് പുതുതായി ചുമത്തിയത്. പിന്തുടർന്ന് ശല്യം ചെയ്തതിനാണ് ഈ വകുപ്പ് ചുമത്തിയത്.
Discussion about this post