തിരുവനന്തപുരം: പുരുഷ കമ്മിഷൻ രൂപീകരിക്കുന്നതിനായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകാനാണ് കമ്മീഷൻ രീപീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പണത്തിനായും മറ്റും സ്ത്രീകൾ വ്യാജലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നതിന് തടയിടാനാണ് ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വ്യാജ ആരോപണങ്ങളിൽ ഉൾപ്പെട്ട പുരുഷന്മാർക്ക് പരാതി ഉന്നയിക്കാനും നിയമസഹായം നൽകാനും ഒരു നിയമവിധേയമായ ഒരു കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എൽദോസ് കുന്നപ്പള്ളി വ്യക്തമാക്കി.
സംസ്ഥാനത്ത് പുരുഷന്മാർക്ക് വേണ്ടി പുരുഷ കമ്മിഷൻ രൂപീകരിക്കാനുള്ള ക്യാമ്പയിൻ ജനുവരി 30 മുതൽ ആരംഭിക്കുമെന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ ഇന്നലെ പറഞ്ഞിരുന്നു. കുട്ടികൾക്ക് ബാലാവകാശ കമ്മിഷനും സ്ത്രീകൾക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാർക്കും കമ്മിഷൻ വേണമെന്നാണ് രാഹുൽ ഈശ്വർ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎൽഎമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എൽദോസ് കുന്നിലപ്പിള്ളി എത്തിയത്.
വ്യാജ ലൈംഗിക ആരോപണത്തിൽ ഉൾപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. പണത്തിനാണ് പല സ്ത്രീകളും സത്യമല്ലാത്ത പരാതികളുമായി വരുന്നത്. സിദ്ദിഖിന്റെ പരാതി പരിഗണിക്കവേ പരാതിക്കാരി ഇത്രയും വർഷം എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചില്ലേ എന്നും എംഎൽഎ ചൂണ്ടിക്കാട്ടി
ഒരു സ്ത്രീ വ്യാജ പരാതി ഉന്നയിച്ചാൽ പരാതിക്കാരിയുടെ മുഖവും ദൃശ്യങ്ങളും മാധ്യമങ്ങൾ മറയ്ക്കാറുണ്ട്. എന്നാൽ ആരോപണവിധേയനെതിരായ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും അയാളുടെ പേരും ഫോട്ടോയും മാധ്യമങ്ങളിൽ നിറയും. അയാൾക്കും ഒരു ജീവിതമുണ്ട്. എൽദോസ് പറഞ്ഞു. ലൈംഗികാരോപണം തെളിയുന്നതുവരെ ആരോപണവിധേയന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്നാണ് അഭിപ്രായമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
Discussion about this post