തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ ആയിരുന്നു മുൻമന്ത്രിയുടെ പ്രതികരണം. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കുറച്ച് കിറ്റുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നിൽ പരാതി കിട്ടിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി.
സിഎജി റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുൻപാകെ പ്രതിപക്ഷം പരാതി സമർപ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞു. പിപിഇ കിറ്റിനു ക്ഷാമമുണ്ടായപ്പോൾ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിനു കിറ്റുകൾ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല. നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പിപിഇ കിറ്റിനെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം കുറഞ്ഞ വിലക്ക് കിറ്റ് നൽകാമെന്ന വാഗ്ദാനം തള്ളി സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി മുഴുവൻ പണവും കൈമാറിയെന്നാണ് സിഎജി റിപ്പോർട്ട്. കിറ്റ് വാങ്ങിയതിൽ സർക്കാര് ഗുരുതര ക്രമക്കേട് നടത്തി. 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. 2020 മാർച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെങ്കിൽ മാർച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങി. അതായത് രണ്ട് ദിവസത്തിനിടെ കിറ്റ് ഒന്നിന് ആയിരം രൂപയാണ് കൂടിയത്.
Discussion about this post