എറണാകുളം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. തേലത്തുരുത്ത് സ്വദേശിയും ബ്രാഞ്ച് അംഗവുമായ ബി.കെ സുബ്രമഹ്‌മണ്യനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നാല് വയസ്സുകാരിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സംഭവം പാർട്ടിയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ജനുവരി 15 ന് ആയിരുന്നു കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് കേസ് എടുത്തിരുന്നില്ല. പാർട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിക്കാത്തത് എന്നും, പാർട്ടി പ്രതിയെ സംരക്ഷിക്കുന്നു എന്ന തരത്തിലും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടിയാണ് സുബ്രമഹ്ണ്യനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ഇതിന് ഏരിയ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. അതേസമയം സുബ്രമഹ്ണ്യൻ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
നാല് വയസ്സുകാരിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചിൽ പാട് കണ്ടിരുന്നു. ഇതേ തുടർന്ന് മാതാപിതാക്കൾ കുട്ടിയോട് കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. സുബ്രമഹ്ണ്യനെ ഇഷ്ടമല്ലെന്നും ഇയാൾ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറഞ്ഞതായി രക്ഷിതാക്കൾ പറയുന്നു. കുട്ടി രാത്രി കാലങ്ങളിൽ ഞെട്ടി എഴുന്നേൽക്കുകയും രക്ഷിതാക്കളെ തല്ലുന്നതും പതിവായിരുന്നു. ഇതോടെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്രതിയുടെ ഭാര്യ നടത്തുന്ന അംഗനവാടിയിൽ ആയിരുന്നു കുട്ടി പഠിച്ചിരുന്നത്. ഇത് മുതലെടുത്തായിരുന്നു പീഡനം. ഇതിനിടെ പീഡന വിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ സുബ്രമഹ്ണ്യനും കുടുംബവും ചേർന്ന് മർദ്ദിച്ചതായും പരാതിയുണ്ട്.
Discussion about this post