തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്‌ക്കൊപ്പം നാല് സഹതടവുകാരും. സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കും ലഭിക്കും. പക്ഷേ ഇവർക്ക് മറ്റു പ്രതികളേക്കാൾ കൂടുതൽ നിരീക്ഷണം ഉണ്ടാകും.വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവർക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.
മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാലിപ്പോൾ ഇങ്ങനെയുളളവർ സുപ്രീംകോടതിവരെ അപ്പീൽ പോയി വിധി ഇളവുചെയ്യാനുള്ള സാദ്ധ്യതകളുള്ളതിനാൽ സാധാരണ സെല്ലുകളിൽ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്. രാഷ്ട്രപതിയുടെ ദയാഹർജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റുകയുളളൂ.
2025ൽ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലിൽ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. അതിനാൽ സി. 1/25 എന്ന നമ്പരാണ് നൽകിയിട്ടുള്ളത്.ശിക്ഷിക്കപ്പെട്ടതിനാൽ ഇനി ജയിലിലെ ജോലികൾ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക. അഭിഭാഷകരടക്കം ആരും ഇന്നലെ ഗ്രീഷ്മയെ കാണാനെത്തിയില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. അടിവസ്ത്രങ്ങൾ ഒരു ബന്ധു എത്തിച്ചു. ജയിൽ വസ്ത്രമാണ് ധരിക്കേണ്ടത്. ചിത്രം വരച്ചാണ് ഗ്രീഷ്മ ജയിലിലെ സമയം ചെലവഴിക്കുന്നത്.
Discussion about this post