കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കുതിരവട്ടത്തേയ്ക്ക് ആണ് മാറ്റിയത്. ജയിലിൽ കഴിയവേ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കേസിന്റെ വിശദമായ അന്വേഷണത്തിനായി ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പോലീസ്. ഇതിനായി അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകാൻ ഇരിക്കെയാണ് ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം പോലീസ് തുടർനടപടികൾ സ്വീകരിക്കും.
ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു താമരശ്ശേരി സ്വദേശിനിയായ സുബൈദ എന്ന 52 കാരിയെ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. ബ്രെയിൻ സർജറിയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു സുബൈദ. ഉറങ്ങുന്നതിനിടെ സുബൈദയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലഹരിക്കടിമയായ ഇയാൾ ബംഗളൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു. ഇവിടുത്തെ ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെ ആയിരുന്നു കൊലപാതകം. ജന്മം നൽകിയതിനുള്ള ശിക്ഷയായിട്ടാണ് കൊലപ്പെടുത്തിയത് എന്നാണ് ആഷിഖിന്റെ മൊഴി.
Discussion about this post