പ്രിൻസിപ്പലിനെ സ്‌കൂൾ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരി അശ്വതി ശ്രീകാന്ത് .അർഹിക്കുന്ന ശ്രദ്ധയും സ്‌നേഹവും വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകളും സമയോചിതമായ ചില തിരുത്തലുകളും പ്രായോചിതമായ ഗൈഡൻസും കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിനും കുടുംബത്തിനും പ്രശ്‌നക്കാരായി മാറുന്നത്. പ്രിൻസിപ്പലിനെ സ്‌കൂൾ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ പ്രശ്‌നം വാർത്തയായി പുറത്തുവന്നതോടെ വിദ്യാർത്ഥിയെ രൂക്ഷമായി വിമർശിച്ച് കമന്റുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി താരം രംഗത്ത് വന്നത്.
പഠനവൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലും ആണോ അവരെ പ്രശ്‌നക്കാരാക്കിയത് എന്നറിയാൻ ശ്രമിച്ചിട്ടുണ്ടാവുക വളരെ ചുരുക്കം അദ്ധ്യാപകരായിരിക്കും.. മാതാപിതാക്കൾ പോലും അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ചുരുക്കമായിരിക്കും. ലോകം മാറുന്നതിനനുസരിച്ച് പേരന്റിംഗ് രീതികളിലും മാറ്റം വരണ്ടേയെന്നും അവർ ചോദിച്ചു.
അദ്ധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്നു കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് . അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ ? എന്നും അവർ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അദ്ധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്നു കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ ?
ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അവരിൽ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നു പോയവരാണ്. അർഹിക്കുന്ന ശ്രദ്ധ, സ്‌നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ, പ്രായോചിതമായ ഗൈഡൻസ്
ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്‌നക്കാരാവുന്നത്. അഗ്രെസ്സീവ് ആയി പെരുമാറുന്ന കുട്ടികളെ നോക്കിയാൽ, മിക്കവാറും അതിലേറെ അഗ്രെസ്സീവ് ആയ പേരെന്റ് ഉണ്ടാവും അവർക്ക്. അല്ലെങ്കിൽ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു കൊടുക്കാൻ കഴിയാത്ത പേരെന്റ്‌സ്.
അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്നു കൊടുക്കും പോലെയാണ്.
ഉദാഹരണത്തിന്- നുണ പറയുന്ന കുട്ടിയെ നുണ പറഞ്ഞതിന്റെ പേരിൽ നമ്മൾ അടിക്കും. നുണയൻ എന്ന് വിളിക്കും. നുണ പറയാനുണ്ടായ കാരണം ചിലപ്പോൾ ഭയമാവാം, അപമാനഭാരം ആവാം, ഇമ്പ്രസ്സ് ചെയ്യിച്ചു കൂടുതൽ സ്‌നേഹം നേടാനാവാം, തീരെ കുഞ്ഞു കുട്ടികളിൽ സങ്കൽപ്പവും റിയാലിറ്റിയും തമ്മിലുള്ള കൺഫ്യൂഷൻ ആവാം, ബൗണ്ടറികൾ എവിടെ വരെയാണെന്ന അന്വേഷണം ആവാം. പക്ഷേ അടി ഇതിനെയൊന്നും അഡ്രസ്സ് ചെയ്യുന്നില്ല. നുണ പറയരുതെന്ന നമ്മുടെ മൂല്യ ബോധം കുട്ടിക്ക് ഇല്ലാത്തതിന്റെ പേരിലാണ് ഈ അടി.
അതുകൊണ്ട് തന്നെയാണ് അതിലൊരു നീതികെടുള്ളത്. ലക്ഷണങ്ങൾ പിന്നീട് പ്രകടിപ്പിച്ചേക്കില്ല എന്നതു കൊണ്ടും മെനക്കേട് കുറവായതു കൊണ്ടും വൻ പ്രചാരം വന്നു പോയ disciplinary method ആണ് അടി. പക്ഷേ അന്ന് പരിഗണിക്കാതെ പോയ ആ root causes പിന്നീട് പല പ്രായത്തിൽ പല രൂപത്തിൽ പൊങ്ങി വരുമ്പോൾ അനുഭവിക്കുന്നവർക്ക് പോലും കാരണം മനസ്സിലായേക്കില്ല.
എല്ലാ ക്ലാസ്സിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് ഓർമ്മയിൽ. പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലും ആണോ അവരെ പ്രശ്‌നക്കാരാക്കിയത് എന്നറിയാൻ ശ്രമിച്ച അദ്ധ്യാപകരൊക്കെ വളരെ ചുരുക്കമാണ്. കാരണം ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി.
അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവിതം എത്രയോ മാറിയേനെ എന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്.
കിന്റർ ഗാർഡനിൽ നിന്ന് ഒരു കുഞ്ഞിന്റെ അമ്മയെ വിളിച്ചു ചോദിച്ചു, നിങ്ങൾ വീട്ടിൽ അടിയൊന്നും കൊടുക്കാറില്ലേ എന്ന്. കുട്ടി വികൃതിയാണെന്ന്. അതായത് നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ഇപ്പോഴും ലോകം. അതിനുള്ള ഒരേയൊരു മാർഗ്ഗം അടിയും
ഒന്നോർത്താൽ മറ്റേതു കാലത്തേക്കാളും challenging ആണ് ഇന്നത്തെ അദ്ധ്യാപകരുടെ അവസ്ഥ. അടിക്കാനും പറ്റില്ല alternate methods നോക്കാനുള്ള അവസ്ഥയും ഇല്ല. നിങ്ങൾക്ക് അങ്ങ് പറഞ്ഞാ മതി, ഇപ്പോഴത്തെ പിള്ളേരെ മേയ്ക്കാൻ ഒട്ടും എളുപ്പമല്ലെന്ന് പറയുന്ന ഒരുപാട് ടീച്ചേഴ്‌സിനെ കാണാറുമുണ്ട്.
മാറ്റങ്ങൾ വീട്ടിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. ഉള്ളത് പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് അവർ ഡിസേർവ് ചെയ്യുന്ന സമയം കൊടുക്കാൻ മിക്കപ്പോഴും നമുക്ക് പറ്റാറില്ല. എല്ലാ തിരക്കും കഴിഞ്ഞു മിച്ചമുള്ള സമയത്ത് ചെയ്യുന്ന പ്രോസസ്സ് ആണ് പലർക്കും പേരെന്റിങ്. ആ കുറ്റബോധം മറികടക്കാൻ നമ്മൾ കുട്ടികൾ പറയുന്നതൊക്കെ ഉടനടി വാങ്ങി കൊടുക്കും (immediate gratification), നിയന്ത്രണമില്ലാതെ സ്‌ക്രീൻ ടൈം കൊടുക്കും, പറയേണ്ട NO പലതും പറയാതിരിക്കും. കണക്കില്ലാതെ പണം കൈകാര്യം ചെയ്യാൻ ഏൽപ്പിക്കും. ബൗണ്ടറികൾ സെറ്റ് ചെയ്യാതിരിക്കും. കുട്ടികൾ ആവട്ടെ ആ അവസരങ്ങളെ കൃത്യമായി ഉപയോഗിക്കും. അത് കുറ്റമല്ല, ബുദ്ധി ഉള്ളതിന്റെ ലക്ഷണമാണ്. കൈവിട്ടു പോയെന്നു തോന്നുമ്പോൾ മര്യാദ പഠിപ്പിക്കാൻ ചെന്നാൽ പോയി പണിനോക്കെന്ന് പറയും കുട്ടികൾ. ഇതിനിടയിൽ പെട്ട് പോകുന്നവരാണ് സത്യത്തിൽ അധ്യാപകർ.
പേരെന്റ്‌റിംഗ് ഭാരിച്ച ഉത്തരവാദിത്തം ഉള്ള ജോലിയാണ്. അത് അടിച്ചൊതുക്കി നിയന്ത്രിക്കൽ അല്ല, പോയ വഴി തെളിക്കലുമല്ല. ഒരു എളുപ്പപ്പണിയും അതിൽ വർക്ക് ആവില്ല. ഭക്ഷണവും വസ്ത്രവും വിദ്യാഭാസവും കൊടുക്കുന്നതിലും അത് തീരുന്നില്ല. ആദ്യം പറഞ്ഞത് പോലെ അർഹിക്കുന്ന ശ്രദ്ധ, സ്‌നേഹം, വൈകാരിക സുരക്ഷിതത്വമുള്ള, സന്തോഷമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ, പ്രായോചിതമായ ഗൈഡൻസ്, കൃത്യമായ ബൗണ്ടറികൾ ഒക്കെയും ഉറപ്പു വരുത്തൽ കൂടിയാണ് പേരെന്റ്‌റിംഗ്. മറ്റൊന്ന്, പഴയ തലമുറയിലെ പേരെന്റ്‌റിംഗ് രീതികൾ ഇന്നത്തെ hyper connected ലോകത്തേയ്ക്ക് ജനിച്ചു വീഴുന്ന കുട്ടികളോട് നടക്കില്ല എന്നതാണ്. ജനിപ്പിച്ചതിന്റെയും ചിലവിന് കൊടുത്തതിന്റെയും കണക്കൊന്നും അവിടെ ചിലവാകില്ല. കൂട്ടുകാരിൽ ഒരാൾക്ക് അടികിട്ടിയ കാര്യം പറഞ്ഞ മകളോട് ‘കണ്ടോ, ഞാൻ നിന്നെ അടിച്ചിട്ടേ ഇല്ലല്ലോ’ എന്ന് ഞാനൊന്ന് അഭിമാനിക്കാൻ നോക്കി. അമ്മാ, അല്ലെങ്കിലും ആർക്കും ആരെയും physically harm ചെയ്യാനുള്ള right ഇല്ല, thats injustice എന്ന് ഉടനെ മറുപടി വന്നു.
ലോകം മാറുന്നതിനു അനുസരിച്ച് പേരെന്റ്‌റിംഗ് രീതികളിലും മാറ്റം വരണ്ടേ? അടിയും അപമാനവും ഏറ്റ് സ്‌ട്രോങ്ങ് ആവാത്തത് കൊണ്ടല്ല കുട്ടികൾ കയറെടുക്കുന്നത്, അവർക്ക് emotional safe spaces കൊടുക്കാൻ നമുക്ക് കഴിയാത്തത് കൊണ്ടാണ്. പണ്ട് സ്‌കൂളിൽ നടന്ന കാര്യങ്ങൾ വീട്ടിൽ വന്നു പറയുമ്പോൾ നമ്മുടെ അച്ഛനും അമ്മയും ഫോണിൽ നിന്ന് മുഖമുയർത്താതെയല്ല അത് കേട്ടതെന്ന് നമ്മളും ഓർക്കണം.
അടി വേണ്ട എന്ന് പറഞ്ഞാൽ discipline വേണ്ടന്നോ, കാര്യങ്ങൾ കുട്ടികളുടെ ഇഷ്ടത്തിന് മാത്രം വിട്ട് കൊടുക്കണം എന്നോ അല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ. തെറ്റുകൾക്ക് നാച്ചുറൽ ആയതും ലോജിക്കൽ ആയതുമായ ചില പരിണിത ഫലങ്ങൾ അനുഭവിച്ച് തന്നെ അവർ വളരട്ടെ. അതിൽ അധ്യാപകരുടെയും പേരെന്റ്‌സിന്റെയും ചേർന്നുള്ള efforts ആവശ്യം തന്നെയാണ്.
”No child is a bad child; there are only bad behaviors. With understanding and guidance, every child has the potential to thrive.’
അടിയോടൊക്കുമോ അണ്ണൻ തമ്പി എന്ന് തന്നെയാണ് ഇപ്പോഴും തോന്നലെങ്കിൽ വിട്ടേരെ, ഇത് നിങ്ങൾക്കുള്ളതല്ല
Discussion about this post