മുന്തിരി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുന്തിരിയുടെ നിറം തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. മുന്തിരിക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും നിറത്തിനനുസരിച്ച് ഓരോ മുന്തിരിയുടെയും ഗുണത്തിലും വ്യത്യാസം ഉണ്ടായിരിക്കും. പച്ച, മഞ്ഞ, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഇന്ന് മുന്തിരി ലഭ്യമാണ്. എന്നാൽ ഈ മുന്തിരികളിൽ ഗുണത്തിൽ ഏറെ മുൻപൻ ചുവപ്പ് മുന്തിരിയാണ്.
വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി-6 എന്നിവയും മറ്റ് പല പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ചുവന്ന മുന്തിരി. സിങ്ക്, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ നിരവധി ധാതുക്കളും ചുവന്ന മുന്തിരിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ചുവന്ന മുന്തിരിയിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഫ്ലേവനോയിഡുകളും പ്ലേറ്റ്ലറ്റ് കട്ടപിടിക്കാതിരിക്കുന്നതിന് സഹായകരമാണ്. ഇതുവഴി ഹൃദയാഘാതം തടയുന്നതിന് ചുവന്ന മുന്തിരി സഹായിക്കും.
ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹം ഉള്ളവർക്കും ചെറിയ അളവിൽ ചുവന്ന മുന്തിരി കഴിക്കാവുന്നതാണ്. ചുവന്ന മുന്തിരിയിലെ ക്വെർസെറ്റിൻ, കാറ്റെച്ചിൻ തുടങ്ങിയവ രോഗങ്ങളെ ചെറുക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളുടെ വലിയ കലവറയാണ്. കൂടാതെ ചുവന്ന മുന്തിരിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ പോലുള്ള വിറ്റാമിനുകളും സംയുക്തങ്ങളും ശക്തമായ എല്ലുകൾ, ആരോഗ്യമുള്ള ടിഷ്യുകൾ, ചർമ്മം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കൂടാതെ വിറ്റാമിൻ സിയുടെ മികച്ച ഉറവിടം ആയതിനാൽ തന്നെ രോഗപ്രതിരോധ സഹായി കൂടിയാണ് ചുവന്ന മുന്തിരി.
Discussion about this post