തിരുവവന്തപുരം: കഠിനംകുളം കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് ജോൺസൺ ഔസേപ്പ് ആണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആതിര ഒപ്പം പോകാത്തതിന്റെ പ്രതികാരമെന്നോണമാണ് കൊല നടത്തിയത് എന്നാണ് വിവരം.
ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു. അടുത്തിടെയായി തനിക്കൊപ്പം വരാൻ യുവാവ് നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ യുവതി ഇതിന് വിസമ്മതിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ ആതിരയെ കൊലപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിലെ റീൽതാരം ആണ് ജോൺസൺ. ചെല്ലാനം സ്വദേശിയായ ഇയാൾ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്തുവരികയാണ്. വിവാഹിതനായ ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി ഭാര്യയിൽ നിന്നും വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഇതിനിടെയാണ് ആതിരയുമായി അടുപ്പിത്തിലായത്. കൊല്ലത്തെ സുഹൃത്തിന്റ തിരിച്ചറിയിൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം എടുത്തത്.
അതേസമയം സംഭവത്തിന് പിന്നാലെ ജോൺസൺ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കൊലയ്ക്ക് ശേഷം ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാൾ കടന്ന് കളഞ്ഞത്. ഈ സ്‌കൂട്ടർ ചിറയൻകീഴ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Discussion about this post