വയനാട്: മാനന്തവാടിയിൽ സ്ത്രീയെ കടുവയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജഡം കാണിച്ചുതരണമെന്ന ആവശ്യം. തോട്ടം തൊഴിലാളികളായ സ്ത്രീകളാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. രാധയെ കടുവ കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ശക്തമായ പ്രതിഷേധവുമായി ഇവർ രംഗത്ത് എത്തിയിരുന്നു.
കാപ്പി ശേഖരിക്കാൻ തോട്ടത്തിലേയ്ക്ക് പോയപ്പോഴാണ് രാധയെ കടുവ ആക്രമിച്ചത്. ശേഷം ശരീരം ഭക്ഷിക്കുകയും ചെയ്തു. സാധാരണയായി വന്യജീവി ആക്രമണം ഉണ്ടായാൽ മൃഗങ്ങളെ പിടിച്ച് വനംവകുപ്പ് മറ്റൊരു സ്ഥലത്ത് വിടുകയാണ് പതിവെന്ന് തോട്ടം തൊഴിലാളികളായ സ്ത്രീകൾ പറഞ്ഞു. ഇനി അതിന് അനുവദിക്കുകയില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തിൽ നിന്നും ആരെയും വന്യമൃഗം ആക്രമിച്ചിട്ടില്ല. നഷ്ടം എപ്പോഴും സാധാരണക്കാർക്കാണ് എന്നും ഇവർ വ്യക്തമാക്കി.
ഞങ്ങൾക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. ഈ വേളയിൽ ഞങ്ങളെയും ഈ കടുവ ആക്രമിച്ചേക്കാം. കൂലിപ്പണിക്കാരിയാണ് രാധ. മനുഷ്യനെക്കാൾ വിലയാണ് ഇന്നാട്ടിൽ മൃഗങ്ങൾക്ക് നൽകുന്നത്. മനുഷ്യനെ കൊന്ന് പാതി തിന്നാലും ഇവിടെ ആർക്കും കുഴപ്പമില്ല. രാധയുടെ മക്കൾക്ക് ഇന്ന് അമ്മയില്ലാതെ ആയി. ജീവൻ പണയംവച്ചാണ് ഞങ്ങൾ പണിയെടുക്കുന്നത് എന്നും ഇവർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് രാധയ്ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ച് കൊന്ന ശേഷം കടുവ രാധയുടെ തലയുടെ ഭാഗം ഭക്ഷിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വലിയ ജനരോഷം ആണ് ഉയരുന്നത്.
Discussion about this post