എറണാകുളം: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ എം.ഡി നയീം ഷാഹുലാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. കിയ ഇന്ത്യ ഏരിയ സെയിൽസ് മാനേജർ ആശിഷ് ജോൺ മാത്യൂസ്, ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസ് എന്നിവർ ചടങ്ങിന്റെ ഭാഗമായി.
ടെക് പ്രേമികൾക്കും നഗരയാത്രകളെ ഇഷ്ടപ്പെടുന്നവർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ മോഡലിൽ ഒട്ടനവധി ഫീച്ചറുകളാണ് കിയ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡിസൈൻ, ടെക്‌നോളജി, സ്‌പേസ് എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ രചിക്കുന്ന വിപ്ലവകരമായൊരു മോഡലാണ് സിറോസ്’ എന്ന് നയീം ഷാഹുൽ പറഞ്ഞു. സിറോസിലൂടെ, കിയ ഇന്ത്യ തങ്ങളുടെ ഉൽപ്പന്ന ശ്രേണി കൂടുതൽ മികച്ചതാക്കുകയും, സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, ഉപഭോക്ത കേന്ദ്രീകൃതമായ രൂപകൽപ്പന തുടങ്ങിയവ സമന്വയിപ്പിച്ച് ഒരു പുതിയ എസ്യുവി അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്യുവൽ പാനൽ പനോരമിക് സൺറൂഫും പതിനാറോളം ഓട്ടോണമസ് സുരക്ഷാക്രമീകരണങ്ങളോട് കൂടിയ അഡാസ് ലെവൽ 2 ഫീച്ചറും ഉൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് സിറോസ് നിരത്തുകളിലേക്കെത്തുന്നത്. 30 ഇഞ്ച് വലിപ്പമുള്ള ട്രിനിറ്റി പനോരാമിക് ഡിസ്‌പ്ലേ പാനൽ, വയർലെസ് ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 64 നിറങ്ങളുള്ള ആമ്പിയൻറ് മൂഡ് ലൈറ്റിങ് എന്നിവയാണ് പ്രധാന ഇന്റീരിയർ ഫീച്ചറുകൾ. സ്ലൈഡ് ചെയ്യാനും മടക്കാനും കഴിയുന്ന പിൻസീറ്റുകളുമാണ് സിറോസിന്റെ മറ്റൊരു സവിശേഷത, കൂടാതെ പിന്നിലെ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ലെയിൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രീ ക്യാമറ തുടങ്ങിയവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ സെഗ്മെന്റിൽ ആദ്യമായി ഓവർ-ദി-എയർ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ സിറോസ് വാഗ്ദാനം ചെയ്യുന്നു. ഡീലർഷിപ്പ് സന്ദർശിക്കാതെ തന്നെ ഏറ്റവും പുതിയ സോഫ്റ്റ്വെയറും ഫീച്ചറുകളും ഓട്ടോമാറ്റിക് ആയി തന്നെ ഉപഭോക്താവിന് ലഭ്യമാകുന്നു. വരുന്ന ഫെബ്രുവരി 3-ന് സിറോസിന്റെ വില പ്രഖ്യാപിക്കും.
Discussion about this post