പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ചവിട്ടി. സംഭവത്തിൽ സാരമായി പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വിജയന്റെ കൃഷിസ്ഥലത്ത് രാവിലെ കാട്ടാന ഇറങ്ങിയിരുന്നു. ഇതിനെ തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിജയനെ കണ്ട കാട്ടാന പാഞ്ഞടുത്തു. ഇതോടെ ഓടി രക്ഷപ്പെടാൻ വിജയൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ വീണ അദ്ദേഹത്തെ കാട്ടാന ചവിട്ടി. പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാളയാറിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിനിടെയാണ് കർഷകന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ വയനാട് തോട്ടം തൊഴിലാളിയായ സ്ത്രീയെ കടുവ ആക്രമിച്ച് മാംസം ഭക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാടും കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Discussion about this post