വയനാട്: പഞ്ചാരംകൊല്ലിയിൽ സ്ത്രീയെ കടിച്ച് കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാൻ വനംവകുപ്പ്. കൂടുതൽ ആർആർടി സംഘം ഇന്ന് പ്രദേശത്ത് എത്തി കടുവയ്ക്കായുള്ള തിരച്ചിലിൽ പങ്കാളികളാകും. കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് തിരച്ചിൽ ഊർജ്ജിതമാക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
രാധയെ ആക്രമിച്ച കടുവയെ ഇന്നലെ രാത്രിയും കണ്ടിരുന്നു. ഇത് വലിയ ആശങ്കയാണ് നാട്ടുകാരിൽ ഉണ്ടാക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട സ്ഥലത്ത് വീണ്ടും കടുവ വീണ്ടും എത്താനുള്ള സാദ്ധ്യതയുണ്ട്. ഇതേ തുടർന്ന് ഈ പ്രദേശത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരു കൂട് കൂടി ഇവിടേയ്ക്ക് എത്തിച്ചിട്ടുണ്ട്.
വനത്തിനുള്ളിലും അതിർത്തിയിലുമാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. കടുവയെ പിടികൂടുന്നത് എളുപ്പമാക്കാൻ കുങ്കിയാനകളെയും പ്രദേശത്തേയ്ക്ക് എത്തിക്കും. കടുവയെ തിരിച്ചറിയുന്നതിനായി 21 ഓളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നാലോളം ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ ജീവനോടെ പിടികൂടുകയാണ് അധികൃതരുടെ ലക്ഷ്യം. ഇത് പരാജയപ്പെട്ടാൽ മാത്രമേ വെടിവച്ച് കൊല്ലുകയുള്ളൂ. അതേസമയം രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
Discussion about this post