ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. റാണയുടെ ഹർജി അമേരിക്കൻ സുപ്രീംകോടതി തള്ളി. ഇതോടെ വർഷങ്ങളായി നീണ്ട ഇന്ത്യയുടെ നിയമ പോരാട്ടത്തിനാണ് വിരാമം ആയിരിക്കുന്നത്.
2008 ൽ നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണ കേസിലെ പ്രതിയാണ് തഹാവൂർ റാണ. നിലവിൽ ലോസ് ഏഞ്ചൽസ് മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിലുള്ള ഇയാളെ വിചാരണയ്ക്കായി എത്തിക്കാൻ വർഷങ്ങളായി ഇന്ത്യ ശ്രമം തുടരുകയാണ്. ഇതിനെതിരെ നിരവധി ഹർജികളാണ് റാണ അമേരിക്കൻ ഫെഡറൽ കോടതികളിൽ നൽകിയത്. എന്നാൽ ഇതെല്ലാം കോടതികൾ തള്ളുകയായിരുന്നു. യുഎസ് കോർട്ട് ഓഫ് അപ്പീലിലും റാണ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവിടെ നിന്നെല്ലാം തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതിയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഇതോടെയാണ് റാണയുടെ കൈമാറ്റം സാദ്ധ്യമായത്.
കഴിഞ്ഞ വർഷം നവംബർ 13 ന് ആയിരുന്നു റാണ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 21 ന് ആയിരുന്നു ഹർജി പരിഗണിച്ചത്. എന്നാൽ ഹർജിയിൽ വാദം നടന്നിരുന്നില്ല. ഹർജി തള്ളുവെന്ന് വാക്കാൽ കോടതി പരാമർശിക്കുകയായിരുന്നു.
പാകിസ്താനിൽ വേരുകളുള്ള കനേഡിയൻ പൗരനാണ് തഹാവൂർ റാണ. മുംബെെയിൽ ഇയാളുടെ നേതൃത്വത്തിൽ നടത്തിയ ഭീകരാക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്.
Discussion about this post