വയനാട്: പഞ്ചാരക്കൊല്ലിയിൽ ആർആർടി അംഗത്തെ ആക്രമിച്ചത് നരഭോജി കടുവയെന്ന് സൂചന. ആക്രമണത്തിനിടെ കടുവയ്ക്ക് വെടിയേറ്റതായും വിവരമുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തിന് ഇരയായ ജയസൂര്യയുടെ പരിക്കുകൾ ഗുരുതരമല്ല.
താറാട്ട് മേഖലയിൽ നരഭോജി കടുവ എത്തിയതായി നാട്ടുകാർ വ്യക്തമമാക്കുന്നുണ്ട്. ഇവിടെ വച്ചാണ് ജയസൂര്യയ്ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായതും. 10 പേർ അങ്ങുന്ന സംഘത്തോടൊപ്പം ആയിരുന്നു ജയസൂര്യ. തിരച്ചിലിനിടെ അപ്രതീക്ഷിതമായി അദ്ദേഹത്തിന് നേർക്ക് കടുവ ചാടി. ഇതോടെ കയ്യിൽ കരുതിയ ഷീൽഡ് ഉപയോഗിച്ച് ജയസൂര്യ പ്രതിരോധിക്കുകയായിരുന്നു.
തലലക്ഷ്യമിട്ടായിരുന്നു കടുവ ചാടിയത്. കടുവയുടെ നഖം കൊണ്ട് അദ്ദേഹത്തിന്റെ കൈയ്ക്കും തോളിനും പരിക്കുണ്ട്. ശബ്ദം കേട്ട മറ്റ് ആർആർടി സംഘങ്ങൾ കടുവയ്ക്ക് നേരെ വെടിയുതിർത്തു. ഇതിൽ കടുവയ്ക്ക് പരിക്കേറ്റെന്നാണ് സൂചന. ഇതോടെ കടുവ അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. കടുവ പ്രദേശത്ത് തന്നെ തുടരാനാണ് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിത പരിശോധനയാണ് തുടരുന്നത്.
ജയസൂര്യയെ വനപാലകരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് അദ്ദേഹത്തിന് ചികിത്സ നൽകുന്നത്. കൈയ്ക്കുള്ള പരിക്ക് അൽപ്പം സാരമുള്ളതാണെന്നാണ് സൂചന.
Discussion about this post