ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ- റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് പിടിച്ച് പറ്റാറുള്ളത്. അതുപോലെ തന്നെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിയുടെ വസ്ത്രധാരണവും ശ്രദ്ധയാകർഷിക്കാറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. ഈ റിപ്പബ്ലിക് ദിനത്തിലും ചർച്ചയാകുകയാണ് പ്രധാനമന്ത്രിയുടെ വസ്ത്രങ്ങൾ.
പൈജാമയും ജാക്കറ്റും തലപ്പാവും ആണ് അദ്ദേഹം എല്ലാ പരിപാടികൾക്കും ധരിക്കാറുള്ളത്. എന്നാൽ ഓരോ തവണയും ഇതിൽ വ്യത്യസ്തത ഉണ്ടായിരിക്കും. രാജ്യവുമായി ബന്ധപ്പെട്ട സവിശേഷതകൾ വിളിച്ചോതുന്നതായിരിക്കും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ. ഇക്കുറി വെള്ള നിറത്തിലുള്ള പൈജാമയും ബ്രൗൺ നിറത്തിലുള്ള ‘ബന്ധ്ഗല’ ജാക്കറ്റും ആയിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ഇതിന് പുറമേ മഞ്ഞയും ചുവപ്പും ഓറഞ്ചും ഇടകലർന്ന തലപ്പാവും അദ്ദേഹം ധരിച്ചിരുന്നു. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ് പല വർണങ്ങളിലുള്ള ഈ തലപ്പാവ്.
പലവർണങ്ങളിലുള്ള ഇത്തരം തലപ്പാവുകൾക്ക് വലിയ പ്രചാരം ആണ് ഉള്ളത്. ഗുജറാത്തിലും രാജസ്ഥാനിലും ആളുകൾ വ്യാപകമായി ഈ തലപ്പാവ് ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിലും വിവിധ വർണങ്ങളിലുള്ള തലപ്പാവ് അദ്ദേഹം ധരിച്ചിരുന്നു.
Discussion about this post