ദളപതി വിജയ് നായകനായി പുറത്തിറങ്ങുന്ന അവസാന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദളപതി 69 എന്ന് അറിയപ്പെട്ടിരുന്ന ചിത്രത്തിന് ‘ജനനായകൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയുടെ അവസാന ചിത്രത്തിന്റെ പേര് റിപ്പബ്ലിക് ദിനത്തിലാണ് പുറത്തുവിട്ടത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ഒരു മുൻ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം എന്ന് പറയുന്നു. പൂജ ഹെഗ്‌ഡേ ആണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്.
നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം പൂജ ഹെഗ്‌ഡേ വിജയോടൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാളികളുടെ പ്രിയതാരം മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ജനനായകന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നാരായൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Discussion about this post