വയനാട്: മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ ചത്തനിലയിൽ കാണപ്പെട്ട നരഭോജി കടുവയുടെ വയറ്റിൽ നിന്നും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാധയുടെ കമ്മലും തലമുടിയും കണ്ടെത്തി. ഇതേടെ നരഭോജി കടുവയാണ് ചത്തത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഉച്ചയോടെയായിരുന്നു കടുവയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായത്
കടുവയുടെ വയറ്റിൽ നിന്നും മുടിയ്ക്കും കമ്മലിനും പുറമേ സംഭവ സമയം രാധ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. ഇതാണ് മരണത്തിന് കാരണം ആയത് എന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ നിന്നും വ്യക്തമാകുന്നത്. ഇത് മനുഷ്യരുടെ ആക്രമണത്തിൽ ഉണ്ടായത് അല്ല.
മറ്റൊരു കടുവയുടെ ആക്രമണത്തിൽ ആയിരുന്നു നരഭോജി കടുവയ്ക്ക് പരിക്കേറ്റത്. ആഴത്തിലുള്ള നാല് മുറിവുകൾ ശരീരത്തിലുണ്ട്. ഇതിന് പഴക്കവും ഉണ്ട്. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ വീടിന് സമീപത്ത് നിന്നും കടുവയുടെ ജഡം കണ്ടെത്തിയത്. 12.30 ന് തന്നെ കടുവയെ വനപാലകർ കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ കടുവ അവശ നിലയിൽ ആയിരുന്നു. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
Discussion about this post