കണ്ണൂർ: പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ കൊലവിളി മുഴക്കി സിപിഎം നേതാക്കൾ. പിണറായി ലോക്കൽ സെക്രട്ടറി നന്ദൻ, ലോക്കൽ കമ്മിറ്റി അംഗമായ നിഖിൽ കുമാർ എന്നിവരാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.
ഇക്കഴിഞ്ഞ 24 ന് ആയിരുന്നു സംഭവം. സിപിഎം പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടി തോരണങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ കൊലവിളി മുഴക്കിയത്. വഴിയോരങ്ങളിലെ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ ഇവർ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
സിപിഐഎം ബോർഡ് അഴിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണമെന്നും ഇല്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തി. കയ്യും കാലും കൊത്തിയിടുമെന്നും ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് ഇവർ ഇവിടെ നിന്നും പോകുകയായിരുന്നു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം നടന്നിരുന്നു. ഇതിൽ സിപിഎമ്മിന്റേത് അടക്കമുളള പാർട്ടി അംഗങ്ങൾ പങ്കെടുക്കുകയും കൊടിതോരണങ്ങൾ മാറ്റാൻ അനുമതി നൽകുകയും ചെയ്തു. ഇതോടെയാണ് നടപടികൾ ആരംഭിച്ചത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പഞ്ചായത്ത് അധികൃതർ രംഗത്ത് എത്തി. വായ്മൂടി കെട്ടി ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു.
Discussion about this post