എറണാകുളം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്. അപമാനിക്കാൻ ശ്രമിച്ചതിൽ നടി നൽകിയ പരാതിയിൽ എളമക്കര പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് സർക്കുലർ ഇറക്കാൻ ആലോചിക്കുന്നത്. സംവിധായകൻ വിമാനത്താവളത്തിൽ എത്തിയാൽ പിടികൂടുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
നിലവിൽ അമേരിക്കയിലാണ് സനൽകുമാർ. അതുകൊണ്ട് നടിയുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ടെങ്കിലും മൊഴിയെടുപ്പോ അറസ്‌റ്റോ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം വിദേശത്ത് നിന്ന് എത്തിയാൽ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇതിന് വേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംവിധായകനെതിരെ പോലീസിൽ നടി പരാതി നൽകിയത്. സമൂഹമാദ്ധ്യമ പോസ്റ്റിൽ നടിയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ അപമാനിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
2022 ലും ഇതേ നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിലായ അദ്ദേഹത്തിന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
Discussion about this post