കേരളത്തിലെ സമീപകാല അയല്പക്ക കൊലപാതകങ്ങളിൽ ഏറ്റവും ഒടുവിലായി ഇരകളായവരാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ അമ്മയും മകനും. ഏതാനും ദിവസങ്ങൾക്കു മുൻപ് എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് അയൽവാസിയായ യുവാവ് നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ പ്രതിദിനം വന്നു കൊണ്ടിരിക്കുമ്പോൾ ആശങ്കയിലാണ് മലയാളികൾ ഇന്ന് കേരളത്തിൽ ജീവിക്കുന്നത്.
ഈ അവസരത്തിൽ പ്രൊഫസർ പ്രസാദ് പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
നമുക്കെതിരെ ഉണ്ടാകുന്ന ഭീഷണികളോട് അതേ രീതിയിൽ പ്രതികരിക്കാൻ നമ്മളുടെ അന്തസ്സും സംസ്കാരവും അനുവദിക്കുന്നില്ലെങ്കിൽ അവിടെ നിന്നും ഓടി രക്ഷപ്പെടുക എന്നുള്ളതാണ് ഒരേയൊരു മാർഗം എന്നാണ് പ്രസാദ് പോൾ വ്യക്തമാക്കുന്നത്. പടവെട്ടുക, അല്ലെങ്കിൽ പലായനം ചെയ്യുക എന്നീ രണ്ടു മാർഗ്ഗങ്ങൾ മാത്രമാണ് മനുഷ്യരടക്കം ലോകത്താകമാനമുള്ള ജന്തുക്കളുൾക്കും ഭീഷണികളെ നേരിടാനായി ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. നെന്മാറയിലെ കുടുംബത്തിന് ഉണ്ടായ അതേ രീതിയിൽ തനിക്കുണ്ടായ ഒരു ഭീഷണിയെ താൻ നേരിട്ടതിനെക്കുറിച്ചും പ്രസാദ് പോൾ വ്യക്തമാക്കുന്നു.
പ്രസാദ് പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ഒരു പെൺകുട്ടിയുടെ ഹൃദയം തകർന്നുള്ള കരച്ചിൽ, എന്താണ് ഇപ്പോഴത്തെ കേരളമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
“Fight or Flight” പടവെട്ടുക, അല്ലെങ്കിൽ പലായനം ചെയ്യുക എന്നീ രണ്ടു മാർഗ്ഗങ്ങൾ മാത്രമാണ് മനുഷ്യരടക്കം ലോകത്താകമാനമുള്ള ജന്തുക്കളുൾക്കും ഭീഷണികളെ നേരിടാനായി ഉള്ളത്.
അതനുസരിച്ച് ആ കുടുംബത്തിന് ഒന്നുകിൽ അവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളെ കൊന്നുകളയുക, അല്ലെങ്കിൽ അയാളുടെ കൺവെട്ടത്തുനിന്നും മാറി ദൂരെയെവിടെയെങ്കിലും താമസിക്കുക. എന്നത് മാത്രമായിരുന്നു ചെയ്യാമായിരുന്ന രണ്ടേ രണ്ട് മാർഗ്ഗങ്ങൾ. എന്നാൽ ആദ്യത്തേത് ഏതാണ്ട് അസാദ്ധ്യമാണെങ്കിൽ, രണ്ടാമത്തെ മാർഗ്ഗം തികച്ചും സാദ്ധ്യമായ ഒന്ന് തന്നെയായിരുന്നു. അതിന് കൊടുക്കേണ്ടി വരുന്ന വില, കഷ്ട നഷ്ടങ്ങൾ ഒക്കെ എന്തായാലും ജീവനേക്കാൾ വലുതായിരിക്കില്ലെന്ന് ഉറപ്പാണ്.
സമാനമായ ഒരു സാഹചര്യം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരയൽക്കാരൻ എന്നെ കൊല്ലാനായി വടിവാൾ വാങ്ങിവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയപ്പോൾ, എന്നെ കൊല്ലുന്നതിന് മുന്നേ അയാളെ കൊല്ലുക/എഴുന്നേറ്റിരിക്കാനാവാത്ത വിധത്തിൽ തളർത്തിയിടുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നതെങ്കിലും, അത് കെമിസ്ട്രിയിലെ ചെയിൻ റിയാക്ഷൻ(chain reaction) പോലെ പ്രതികാര പരമ്പരകളിലേക്ക് നയിക്കാമെന്നതും, അത്തരം പ്രവർത്തികൾ ചെയ്യുന്നത് എന്റെ ഫിലോസഫിയുടെ, സംസ്ക്കാരത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും ഞാൻ അവിടെനിന്ന് മാറിത്താമസിക്കാൻ നിർബന്ധിതനായി. ഒരുപക്ഷേ അതുകൊണ്ട് മാത്രമായിരിക്കും ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വല്ലാത്ത aggressive മുഖ/ശരീരഭാഷ ഉള്ളവരാണ്. അതുമാത്രമല്ല, അനിഷ്ടമായ എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചാൽ ഉടനെ കുത്തിമലർത്തുക, വെട്ടിക്കൊല്ലുക തുടങ്ങിയ ‘അതിമൃദുവായ’ പ്രതികരണങ്ങൾ മാത്രമേ പ്രതീക്ഷിക്കാനുമാവൂ എന്ന അവസ്ഥയിലേക്ക് ഏറെ മുന്നേറി അല്ലെങ്കിൽ അതിലും നമ്പർ വൺ ആയി.
നെന്മാറയിലെ പെൺകുട്ടിയുടെ അച്ഛനമ്മമാരെ കൊല്ലാനുണ്ടായ കാരണം എന്താണെന്നെനിക്കറിയില്ല, എന്റെ കാര്യത്തിൽ; എന്റെ പറമ്പിൽ നിന്ന ഒരു തേക്കിന്റെ ഇല കാറ്റടിക്കുമ്പോൾ റോഡിനപ്പുറത്തുള്ള അയാളുടെ മുറ്റത്തേയ്ക്ക് വീഴുന്നു, അതുകൊണ്ട് എന്റെ തേക്കുകൾ മുഴുവൻ വെട്ടണം എന്ന ആവശ്യത്തിലാണ് തുടങ്ങിയത്. അയാളുമായി അതിർത്തി പങ്കിടാത്തതുകൊണ്ടും , ഇടയിൽ പതിനാലടി വീതിയുള്ള പഞ്ചായത്തു റോഡുള്ളതുകൊണ്ടും ഞാൻ തേക്കിന്റെ കൊമ്പുകൾ പതിവായി കോതിക്കൊടുത്തു പോന്നു.
പക്ഷേ അയാളുടെ കലിപ്പ് തീരാതെ അയാൾ എന്നെയും, ഭാര്യയെയും പലവട്ടം പുലഭ്യം പറയുകയും(ആൾ വലിയ സർക്കാർ ഉദ്യോഗസ്ഥനാണ്) ഗതികെട്ട ഞാൻ അയാൾക്കെതിരെ പോലീസിൽ പരാതിപറയുമെന്ന് പറഞ്ഞപ്പോഴാണ് അയാൾ എന്നെക്കൊല്ലാനായി വടിവാൾ വാങ്ങിയിട്ടുണ്ടെന്നും തരം കിട്ടുമ്പോൾ അതുചെയ്യുമെന്നും ഭീഷണി മുഴക്കിയത്. എന്തായാലും നല്ല വണ്ണവും, വളർച്ചയും ഉണ്ടായിരുന്ന ആ തേക്കുകൾ മുഴുവനും ഞാൻ വെട്ടിമാറ്റി, താമസം ഊട്ടിയിലേക്ക് മാറ്റി. പക്ഷേ ഇടയ്ക്കിടെ വരുമ്പോഴൊക്കെ അയാൾ അസഭ്യവർഷം തുടർന്നപ്പോഴാണ് തേക്കൊന്നുമല്ല യഥാർത്ഥ പ്രശ്‍നം, അയാൾക്കും, ഭാര്യയ്ക്കും ഞങ്ങളോടുള്ള കടുത്ത അസൂയ ആണെന്ന് മനസ്സിലായത്.
അതിന് എന്തായാലും ശമനമുണ്ടാക്കാനാവില്ല എന്നതുകൊണ്ട് ഞാൻ Flight എന്ന രക്ഷാമാർഗ്ഗം സ്വീകരിക്കുകയാണ് ഉണ്ടായത്.
എന്റെ അനുഭവത്തിൽ നിന്ന് ഒരു കാര്യം ഉറപ്പായും പറയാം, നിങ്ങളെ ഒരാൾ നിരന്തരമായി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അസഭ്യം, പറയുകയോ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, അതേ നാണയത്തിൽ പ്രതികരിക്കാൻ നിങ്ങളുടെ സംസ്ക്കാരം, അന്തസ്സ് ഒക്കെ അനുവദിക്കില്ലെങ്കിൽ ഓടിരക്ഷപ്പെടുകയാണ് ഉറപ്പായും നല്ലത്.
കാരണം കേരളം കൊടും ക്രിമിനലുകളെക്കൊണ്ട് നിറയുകയാണ്. മുന്നിൽ കാണുന്ന ഓരോവ്യക്തിയെയും ഭയത്തോടെ നേരിടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. മദ്യം, മയക്കുമരുന്ന്, അഹങ്കാരം, പരപുരുഷബഹുമാനമില്ലായ്മ, അതിലൊക്കെ ഏറെ തന്തയില്ലായ്മ്മ(തന്തയില്ലാതെ ആരും ജനിക്കില്ലല്ലോ? അതുകൊണ്ട്, തന്ത ആരെന്നറിയായ്ക) ഒക്കെയാണ് ഇതിനുള്ള കാരണങ്ങൾ. കൂടെ പൊതുജനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടവർ നിഷ്ക്രിയരാവുന്നതും, പ്രതികരിക്കാത്ത, രാഷ്ട്രീയ, മത ഷണ്ഡത്വം ബാധിച്ച പൊതുജനങ്ങളും കൂടിയാണ് ഇത്തരമൊരു സാമൂഹ്യാവസ്ഥ സൃഷ്ടിച്ചത്..
ജീവനേക്കാൾ വലുതല്ല മറ്റൊന്നും, ഇന്ത്യ വളരെ വിശാലമായ രാജ്യമാണ്, അവിടെ ‘നമ്പർ വൺ’ അല്ലാത്ത അനേകം ഇടങ്ങളുണ്ട്, അവിടെ എവിടെയായാലും ഒരാൾക്ക് സ്വസ്ഥതയോടെയും, മനഃസമാധാനത്തോടെയും ജീവിക്കാം. പിന്നെന്തിനാണ് ക്രിമിനലുകളോട് മല്ലുപിടിക്കുന്നത്?
ഇന്ന് രാവിലെ എന്റെ ഇളയ മകൾ, പപ്പാ എനിക്ക് നാട്ടിൽ കുറെ സ്ഥലം വാങ്ങി ഒരു ഫാം തുടങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ, ഞാനവളോട് പറഞ്ഞു,
നിനക്ക് ആത്മഹത്യ ചെയ്യാതെ നിവൃത്തിയില്ലാത്ത അവസ്ഥ ഉണ്ടായത് മാത്രം കേരളത്തിലേക്ക് വന്നാൽ മതി, അല്ല, ജീവിക്കണമെന്ന ആഗ്രഹമാണുള്ളതെങ്കിൽ മറ്റെവിടെയെങ്കിലും പോവുകയായിരിക്കും നല്ലത്.
തുടർന്ന് ഞാൻ പറഞ്ഞു, നമുക്ക് ഹിമാചൽ പ്രാദേശിലോ മറ്റോ പോയി ഒരു ആപ്പിൾത്തോട്ടം ഉണ്ടാക്കാം. കേരളത്തിൽ ആകെ രണ്ട് കൃഷി മാത്രമേ വിജയിക്കുകയുള്ളൂ, ഒന്ന് – മതം/ഭക്തി, രണ്ട് – രാഷ്ട്രീയം. ഇവിടെ രണ്ടുജാതി മനുഷ്യരേയുള്ളൂ. ഒന്നുകിൽ ഇവ കൊണ്ട് പണം സമ്പാദിക്കുന്നവർ, അല്ലെങ്കിൽ ഇവയുടെ ഇരകൾ. ഇത് രണ്ടിലും പെടാത്തവർക്ക് കേരളം പറ്റില്ല.
ആ പെൺകുട്ടിയുടെ കരച്ചിൽ ഇപ്പോഴും എന്റെ മനസ്സിൽക്കിടന്ന് പൊട്ടിത്തെറിക്കുന്നു, സഹിക്കാനാവുന്നില്ല ആ അതിനിസ്സഹായ ആയ പെൺകുട്ടിയുടെ അവസ്ഥ.
ഇതാണ് ഇന്നത്തെ കേരളം
(കോളേജ് അധ്യാപകനായി വിരമിച്ച പ്രൊഫ: പ്രസാദ് പോൾ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്)
Discussion about this post