കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ കണ്ടെന്ന് പോലീസിന് വിവരം നൽകി നാട്ടുകാർ. ചെന്താമര കൂടാരഞ്ഞിയിൽ എത്തിയതായി ആണ് സംശയം.ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം കാക്കാടം പൊയിൽ ഭാഗത്ത് ഇയാളെ
കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാക്കാടംപൊയിൽ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഇതിന് പിന്നാലെ പാലക്കാട് പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെയും പോലീസ് തിരയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ സുധാകരൻ ഇവിടെ നിന്നും തിരികെ മടങ്ങാനായി വാഹനത്തിൽ കയറുകയായിരുന്നു. ഇതിനിടെ വെട്ടുകത്തിയുമായി പാഞ്ഞെടുത്ത ചെന്താമര സുധാകരന്റെ കഴുത്ത് ലക്ഷ്യമിട്ട് വെട്ടുകയായിരുന്നു. ബഹളംകേട്ട് ലക്ഷ്മി ഓടിയെത്തി. ഇതോടെ ലക്ഷ്മിയെയും വെട്ടുകയായിരുന്നു.
സാരമായി പരിക്കേറ്റ സുധാകരൻ തത്ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ലക്ഷ്മിയുടെ മരണം സംഭവിച്ചത്.
Discussion about this post